SHARE

ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന, ക്രിക്കറ്റിന്റെ പുതിയ പരീക്ഷണമായ 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കുമെന്ന് സൂചന. നിലവിൽ വിദേശ ലീഗുകളിലൊന്നും കളിക്കാനുള്ള അനുമതി ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ നൽകാറില്ല, എന്നാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പുതിയ പരീക്ഷണമായ 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിനായി താരങ്ങളെ വിട്ട് നൽകുന്നതിൽ ബിസിസിഐക്ക് എതിർപ്പുകളൊന്നുമില്ലെന്ന് പറയപ്പെടുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ എഡിഷനിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ എം.എസ്. ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ കളിച്ചേക്കും.

ക്രിക്കറ്റിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാണ് ടി20 ക്രിക്കറ്റിനേയും പരിഷ്കരിച്ച് പുതിയ ക്രിക്കറ്റ് ഫോർമാറ്റിൽ മത്സരം നടത്താൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തയ്യാറെടുക്കുന്നത്. 2020 ഓടെ 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ എഡിഷൻ ആരംഭിക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അധികൃതർ നൽകുന്ന സൂചന. ടി20 യെ ആരാധകർ നെഞ്ചിലേറ്റിയ പോലെ ഈ പുതിയ പരീക്ഷണത്തേയും അവർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രതീക്ഷ.

100 ബോൾ ക്രിക്കറ്റ് മത്സരത്തിൽ 100 പന്തുകൾ വീതമുള്ള രണ്ടിന്നിംഗ്സുകളാണുണ്ടാവുക. 6 പന്തുകൾ വീതമുള്ള 15 ഓവറുകളും, ഒപ്പം 10 പന്തുകളുള്ള ഒരോവറുമാണ് ഓരോ ടീമിനും മത്സരത്തിൽ ലഭിക്കുക. ഒരു ടി20 മത്സരത്തേക്കാൾ 40 പന്തുകൾ കുറവ് വരുന്ന 100 ബോൾ ക്രിക്കറ്റ് മത്സരം രണ്ടര മണിക്കൂറിനുള്ളിൽ തീരുമെന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അധികൃതർ അവകാശപ്പെടുന്നത്.