SHARE

ഐപിഎല്ലിന്റെ പതിനഞ്ചാം എഡിഷന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത വർഷം ജനുവരിയിൽ നടക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം ക്രിക്ബസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. എന്നാൽ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താൻ കഴിയുന്ന താരങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ബിസിസിഐയിൽ നിന്ന് വ്യക്തതയൊന്നും പുറത്ത് വന്നിട്ടില്ല. എങ്കിലും രണ്ട് റിട്ടൻഷനുകളും, രണ്ട് റൈറ്റ് ടു മാച്ച് (RTM) കാർഡുകളും ബോർഡ് ഫ്രാഞ്ചൈസികൾക്ക് അനുവദിക്കുമെന്നാണ് ക്രിക്ബസ് ചൂണ്ടിക്കാട്ടുന്നത്. ഇത് പ്രകാരം തങ്ങളുടെ രണ്ട് താരങ്ങളെ ലേലത്തിന് മു‌ൻപും, രണ്ട് പേരെ ലേലത്തിൽ നിന്നും ടീമിലേക്കെത്തിക്കാൻ ഫ്രാഞ്ചൈസികൾക്ക് കഴിയും. നവംബർ മാസത്തോടെ ഇക്കാര്യങ്ങളിൽ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്.

അതേ സമയം നിലവിൽ എട്ട് ടീമുകൾ മത്സരിക്കുന്ന ഐപിഎൽ അടുത്ത വർഷം മുതൽ 10 ടീമുകൾ കളിക്കുന്ന ടൂർണമെന്റായി മാറും. ഐപിഎല്ലിലെ പുതിയ ടീമുകൾക്ക് വേണ്ടിയുള്ള ലേലം അടുത്ത മാസം 17 ന് നടക്കുമെന്നാണ് സൂചനകൾ. പുതിയ ടീമുകളുടെ അടിസ്ഥാന വില കുറഞ്ഞത് 2000 കോടി ഇന്ത്യൻ രൂപയെങ്കിലുമായിരിക്കുമെന്നാണ് റിപ്പോർട്ട്.

നിലവിൽ പുറത്ത് വരുന്ന സൂചനകൾ പ്രകാരം അഹമ്മദാബാദിൽ നിന്നും, ലക്നൗവിൽ നിന്നുമാകും പുതിയ ഐപിഎൽ ഫ്രാഞ്ചൈസികൾ വരുക. അഹമ്മദാബാദ് ആസ്ഥാനമാക്കി വരുന്ന ഐപിഎൽ ഫ്രാഞ്ചൈസിയെ അഡാനി ഗ്രൂപ്പും, ലക്നൗ ആസ്ഥാനമാക്കിക്കൊണ്ടുള്ള ഫ്രാഞ്ചസിയെ ആർ പി എസ് ജി ഗ്രൂപ്പിന്റെ സഞ്ജിവ് ഗോയങ്കയും സ്വന്തമാക്കാനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്.