SHARE

പരിക്കിനെത്തുടർന്ന് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സ്റ്റാർ പേസർ ഭുവനേശ്വർ കുമാർ പുറത്തായി. പകരം മുംബൈ താരം ഷർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിൻഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കിടെയായിരുന്നു ഭുവിയെത്തേടി വീണ്ടും പരിക്കെത്തിയതും, പിന്നാലെ അദ്ദേഹത്തിന് ഏകദിന പരമ്പര നഷ്ടമാകുമെന്ന് ഉറപ്പായതും.

അതേ സമയം ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് ഏകദിന മത്സരങ്ങളിലും, ഏഴ് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഷർദുൽ താക്കൂർ. ഏകദിനത്തിൽ 6 വിക്കറ്റുകളും, ടി20 യിൽ 8 വിക്കറ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ വർഷം ഹോങ്കോങ്ങിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു താക്കൂർ അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്.

വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ ടീമിലുണ്ടായിരുന്ന ദീപക് ചഹർ, മൊഹമ്മദ് ഷാമി എന്നിവരാണ് താക്കൂറിന് പുറമേ ഏകദിന പരമ്പരയിൽ ഇന്ത്യൻപേസ് നിരയിലുള്ളത്. പരിക്ക് മൂലം ഏകദിന ടീമിൽ ഇന്ത്യ വരുത്തുന്ന രണ്ടാം മാറ്റം കൂടിയാണിത്. നേരത്തേ പരിക്കേറ്റ ശിഖാർ ധവാന് പകരം മയങ്ക് അഗർവാളിനേയും ഇന്ത്യ ഏകദിന ടീമിലേക്ക് വിളിച്ചിരുന്നു‌.