SHARE

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന്‌ പരിക്കേറ്റ ഓപ്പണർ ശിഖാർ ധവാൻ ഇംഗ്ലണ്ടിൽ ഇന്ത്യൻ ലോകപ്പ്‌ ടീമിനൊപ്പം തുടരുമെന്ന് ബിസിസിഐ. ധവാന് പകരക്കാരനായി ആരാകും ടീമിലെത്തുക എന്ന കാര്യത്തിൽ ചർച്ചകൾ ചൂടു പിടിക്കുന്നതിനിടെയാണ് ബിസിസിഐ‌ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ധവാൻ നിലവിൽ ബിസിസിഐ യുടെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും, അദ്ദേഹത്തിന്റെ പരിക്കിൽ നിന്നുള്ള‌ പുരോഗതി കൃത്യമായി ടീം മാനേജ്മെന്റ് നിരീക്ഷിക്കുമെന്നുമായിരുന്നു ബിസിസിഐ അറിയിപ്പ്.

നേരത്തെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ നഥാൻ കോൾട്ടർ നൈലിന്റെ പന്ത് കൊണ്ടായിരുന്നു ധവാന്റെ കൈവിരലിന് പരിക്കറ്റത്‌. പരിക്ക് പറ്റിയ വിരലിന് ഇന്നലെ സ്കാനിംഗ് നടത്തിയപ്പോളായിരുന്നു എല്ലിന്‌ പൊട്ടൽ കണ്ടെത്തിയത്. പരിക്കിൽ നിന്ന് മുക്തനാവാൻ മൂന്നാഴ്ച വിശ്രമമാണ് ഡോക്ടർമാർ ധവാന് നിർദ്ദേശിച്ചത്. ഇതേത്തുടർന്നായിരുന്നു ധവാൻ ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്ന് പുറത്താകുമെന്ന തരത്തിൽ വാർത്തകൾ പരന്നത്. പകരക്കാരനായി ഋഷഭ് പന്തോ, ശ്രേയസ് അയ്യറോ ടീമിലെത്തുമെന്ന് പോലും ആരാധകർ ഉറപ്പിച്ചു. അതിനിടയിലാണ് ധവാന്റെ കാര്യത്തിൽ വ്യക്തത വരുത്തി ബിസിസിഐ രംഗത്തെത്തിയത്.