SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് യു എ ഇ യിൽ സംഘടിപ്പിക്കാൻ ബിസിസിഐയ്ക്ക് ഇന്ത്യൻ സർക്കാർ അനുമതി നൽകി. നേരത്തെ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അനുമതി ബിസിസിഐയ്ക്ക് ലഭിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തങ്ങൾക്ക് യു എ ഇ യിൽ ടൂർണമെന്റ് സംഘടിപ്പിക്കാൻ സർക്കാരിൽ നിന്ന് രേഖാമൂലമുള്ള അനുമതി ലഭിച്ച കാര്യം ഇന്നാണ് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ വ്യക്തമാക്കിയത്.

വിദേശത്ത് ഐപിഎൽ നടത്തണമെങ്കിൽ അഭ്യന്തര മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം, കായിക മന്ത്രാലയം എന്നിവിടങ്ങളിൽ നിന്ന് അനുമതി ലഭിക്കേണ്ടത് അനിവാര്യമാണ്. ഈ അനുമതികൾ ഐപിഎല്ലിന് ലഭിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് രേഖാമൂലമുള്ള സർക്കാർ അനുമതി തങ്ങൾക്ക് ഐപിഎൽ സംഘാടനത്തിന് ലഭിച്ചതായി ബ്രിജേഷ് പട്ടേൽ വ്യക്തമാക്കിയത്.

-Advertisement-

അതേ സമയം വിവോ, ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറിയത് ബിസിസിഐയ്ക്ക് തിരിച്ചടിയല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഐപിഎൽ ചെയർമാൻ പറഞ്ഞു. നിലവിൽ ടൈറ്റിൽ സ്പോൺസറാവാൻ പല ബ്രാൻഡുകളും മുന്നോട്ട് വന്നിട്ടുണ്ടെന്നും, ഏത് ബ്രാൻഡാണ് ഇതിനായി ഏറ്റവും വലിയ ബിഡ് സമർപ്പിക്കുന്നത്, അവർ 2020 സീസൺ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസറാകുമെന്നും ബ്രിജേഷ് പട്ടേൽ കൂട്ടിച്ചേർത്തു.