SHARE
file image

2013 ലെ ഇന്ത്യൻപ്രീമിയർ ലീഗിനിടെയുണ്ടായ കോഴ വിവാദത്തിൽ കേരളാ താരം എസ് ശ്രീശാന്ത് നേരിടുന്ന ആജീവനാന്ത വിലക്ക് ഏഴ് വർഷമായി വെട്ടിക്കുറച്ച് ബിസിസിഐ. ഇന്നാണ് ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. അടുത്ത വർഷം ഓഗസ്റ്റിലാണ് ശ്രീയുടെ ഏഴ് വർഷ വിലക്ക് അവസാനിക്കുക. ഇത് കൊണ്ട് തന്നെ 2020 സെപ്റ്റംബർ മുതൽ താരത്തിന് വീണ്ടും ക്രിക്കറ്റ് കളിച്ച് തുടങ്ങാം.

നേരത്തെ 2013 ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഐപിഎൽ കളിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു‌ ശ്രീശാന്ത് കോഴ വിവാദത്തിൽ കുടുങ്ങിയത്. സംഭവത്തിൽ ശ്രീയ്ക്ക് ബിസിസിഐ, ആജീവനാന്ത വിലക്കും നൽകി. പിന്നീട് കോഴവിവാദത്തിൽ സുപ്രീം കോടതി ശ്രീശാന്തിനെ വെറുതെ വിട്ടെങ്കിലും വിലക്ക് മാറ്റാൻ ബിസിസിഐ തയ്യാറായിരുന്നില്ല. ശ്രീയാകട്ടെ പല തവണ അപ്പീൽ നൽകി കാത്തിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഏറ്റവും അവസാനം ശ്രീശാന്തിന്റെ ഹർജിയിൽ അന്തിമ തീരുമാനമെടുക്കാൻ സുപ്രീം കോടതി, ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ബിസിസിഐ ഓംബുഡ്സ്മാൻ താരത്തിന്റെ വിലക്ക് 7 വർഷമാക്കി കുറച്ച് കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്.

അതേ സമയം അടുത്ത വർഷം വിലക്ക് അവസാനിക്കുമെങ്കിലും താരത്തിന്റെ ക്രിക്കറ്റ് ഭാവി ഇപ്പോളും അനിശ്ചിതത്വത്തിലാണ്. വിലക്ക് അവസാനിക്കുന്ന സമയമെത്തുമ്പോൾ ശ്രീയ്ക്ക് 37 വയസ് പ്രായമാകും. ശ്രീ ഒരു ഫാസ്റ്റ് ബോളറായത് കൊണ്ട് തന്നെ കളിക്കളത്തിൽ തുടരണമെങ്കിൽ മികച്ച ഫിറ്റ്നസ് ആവശ്യമാണ്. 37-ം വയസിൽ ഒരു‌ഫാസ്റ്റ് ബോളർക്ക് വേണ്ട ഫിറ്റ്നസ് നേടിയെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ശ്രീശാന്തിന്റെ ഫിറ്റ്നസ് എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ ഇനിയുള്ള ക്രിക്കറ്റ് ഭാവിയും.