SHARE

ഇന്ത്യൻ പുരുഷതാരങ്ങളും വനിതാ താരങ്ങളും ഒരുമിച്ച് കളിക്കുന്ന മിക്സഡ് ജെൻഡർ ടി20 പ്രദർശന മത്സരം നടത്താനുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നീക്കത്തെ എതിർത്ത് ബിസിസിഐ. പുരുഷ, വനിതാ താരങ്ങൾ ഒന്നിച്ച് കളിക്കാനൊരുങ്ങുന്ന പ്രദർശന ടി20 മത്സരത്തിന്റെ പരസ്യം ഇത്തവണത്തെ ഐപിഎല്ലിനിടെ ഹിറ്റായിരുന്നു. ഐപിഎൽടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ നടത്താനൊരുങ്ങിയ ഈ മത്സരത്തിന്റെ പരസ്യത്തിൽ വിരാട് കോഹ്ലി, മിഥാലി രാജ്, ഹർമൻപ്രീത് കൗർ തുടങ്ങിയ താരങ്ങളുണ്ടായിരുന്നു.

ഇങ്ങനെയൊരു പ്രദർശന ടി20 മത്സരം നടത്തുന്നതിന് അനുമതി നൽകണമെന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആവശ്യം സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് തള്ളിക്കളയുകയായിരുന്നു. “റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുരുഷ-വനിതാ താരങ്ങളെ ഉൾപ്പെടുത്തി ഒരു പ്രദർശന ‌ടി20 മത്സരം നടത്താൻ അനുവാദം ചോദിച്ചു, എന്നാൽ തങ്ങളുമായി കരാറുള്ള താരങ്ങളെ പ്രദർശന മത്സരങ്ങളിൽ കളിക്കാൻ ബിസിസിഐ അനുവദിക്കാറില്ല. അത് കൊണ്ടു തന്നെയാണ് ഇവിടെ ബാംഗ്ലൂർ ടീമിന്റെ നീക്കവും ഞങ്ങൾ എതിർത്തത്.” പേരുവെളിപ്പെടുത്താത്ത ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.

അതേ സമയം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്. മത്സരത്തിന്റേതായി പുറത്ത് വന്ന പരസ്യം ഏറെ ആവേശം കൊള്ളിക്കുന്നതായിരുന്നതിനാൽ ഇങ്ങനെയൊരു മത്സരത്തിനായും ഏറെ ആവേശത്തോടെയായിരുന്നു ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്നത്.