SHARE

പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്നും വിലക്കണമെന്ന ഇന്ത്യന്‍ ആവശ്യം ഐസിസി തള്ളിയത് ക്ഷീണമായതോടെ വിശദീകരണവുമായി ബിസിസിഐ. പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് താനല്ലെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്നും ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി.

ബിസിസിഐയുടെ ആവശ്യം നിരാകരിച്ച് രാഷ്ട്രീയ കാര്യങ്ങള്‍ സര്‍ക്കാരുകളാണ് തീരുമാനിക്കേണ്ടതെന്ന് ഐസിസി അറിയിച്ചതിനു പിന്നാലെയാണ് ചൗധരിയുടെ നിലപാടുമാറ്റം. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ മത്സരങ്ങളില്‍നിന്ന് വിലക്കണമെന്ന ആവശ്യവുമായി ഐസിസിക്ക് കത്ത് അയച്ചത് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റെ (സിഒഎ) നിര്‍ദേശാനുസരണം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയാണ്. ഇന്ത്യന്‍ ബോര്‍ഡിന്റെ നിലപാട് പക്ഷേ ഐസിസി തള്ളിക്കളഞ്ഞു.

പാക്കിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ബിസിസിഐ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ഐസിസിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തിന് ഐസിസിയുടെ നിലപാട് തിരിച്ചടിയാകും. ജൂണ്‍ 16നാണ് ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം അനുസരിച്ചാകും ഈ മത്സരത്തിന്റെ ഭാവി.