SHARE

ലോകത്തെ ഏറ്റവും പണക്കിലുക്കമുള്ള ടി20 ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഐപിഎല്ലിനെത്തുന്ന താരങ്ങൾക്കും, പരിശീലകർക്കും വമ്പൻ തുകയാണ് പ്രതിഫലയിനത്തിൽ ലഭിക്കുന്നത്. എന്നാൽ ഇവർക്ക് പുറമേ മത്സരം നിയന്ത്രിക്കുന്ന മാച്ച് ഒഫീഷ്യലുകൾക്കും കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലത്തുകയാണ് ഐപിഎല്ലിൽ ലഭിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കണക്കുകൾ.

കഴിഞ്ഞ സീസൺ ഐപിഎല്ലിൽ മത്സരങ്ങൾ നിയന്ത്രിച്ചതിന് അമ്പയർമാർക്കും, മാച്ച് റഫറിമാർക്കും നൽകിയ പ്രതിഫലം എത്രയാണെന്ന് ഇപ്പോൾ ബിസിസിഐ തന്നെയാണ് വെളിപ്പെടുത്തിയത്. ഐപിഎല്ലിൽ കളിക്കുന്നതിന് പല താരങ്ങൾക്കും ലഭിക്കുന്നതിനേക്കാൾ ഉയർന്ന തുകയാണ് പല ഒഫീഷ്യലുകൾക്കും മത്സരം നിയന്ത്രിച്ചതിന് ബിസിസിഐ നൽകിയത്.

ഐപിഎല്ലിൽ മാച്ച് റഫറിയായിരുന്ന ജവഗൽ ശ്രീനാഥിനാണ് ഏറ്റവും ഉയർന്ന പ്രതിഫലം. 52,45,128 രൂപയാണ് പ്രതിഫലയിനത്തിൽ ശ്രീനാഥിന് ലഭിച്ചത്. അമ്പയർ നിതിൻ മേനോനും, ഇതേ തുക തന്നെ പ്രതിഫലയിനത്തിൽ ബിസിസിഐ നൽകി. അമ്പയർ എസ് രവി, മാച്ച് റഫറി മനു നായർ, അമ്പയർ സി. ഷംസുദ്ദീൻ എന്നിവരാണ് ഏറ്റവും കൂടുതൽ പ്രതിഫലം ഐപിഎല്ലിൽ നിന്ന് ലഭിച്ച മറ്റ് മാച്ച് ഒഫീഷ്യലുകൾ. യഥാക്രമം, 42,46,056 രൂപ, 41,96,102 രൂപ, 41,00,242 രൂപ എന്നിങ്ങനെയാണ് ഇവർക്ക് ലഭിച്ചത്.

ഐപിഎല്ലിലെ മറ്റ് ഇന്ത്യൻ മാച്ച് ഒഫീഷ്യലുകൾക്ക് ലഭിച്ച പ്രതിഫലം ഇങ്ങനെ (രൂപയിൽ),

അനിൽ ദണ്ടേക്കർ – 32,96,938

യശ്വന്ത് ബർഡെ – 32,96,938

നന്ദൻ – 37,04,659

നാരായണൻ കുട്ടി – 32,96,938.