SHARE

ഇന്ത്യ‌ൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകരെ കണ്ടെത്താൻ ഇന്നലെയാണ്‌ ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പോടെ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുമായും, സഹപരിശീലകരുമായും ഉള്ള ബിസിസിഐ‌യുടെ കരാർ അവസാനിച്ചിരുന്നു. പക്ഷേ വിൻഡീസ് പര്യടനം വരുന്നതിനാൽ 45 ദിവസത്തേക്ക് കൂടി ഇത് നീട്ടി നൽകാൻ ബിസിസിഐ പിന്നീട് തീരുമാനിച്ചു. എന്നാൽ നിലവിലെ പരിശീലകരുടെ കരാർ കാലാവധി അവസാനിക്കാനായതിനാൽ പുതിയ പരിശീലകരെ കണ്ടെത്താൻ ബിസിസിഐ നീക്കം തുടങ്ങുകയായിരുന്നു.

മുഖ്യ പരിശീലകൻ, ബോളിംഗ് പരിശീലകൻ, ബാറ്റിംഗ് പരിശീലകൻ, ഫീൽഡിംഗ് പരിശീലകൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലേക്കാണ് ബിസിസിഐ ആൾക്കാരെ തേടുന്നത്. അതേ സമയം ആർക്ക് വേണമെങ്കിലും ഇന്ത്യൻ പരിശീലകനാകാനുള്ള അപേക്ഷ നൽകാമെന്ന് കരുതിയെങ്കിൽ തെറ്റി. കാരണം ടീമിന്റെ പരിശീലക സ്ഥാനങ്ങളിലേക്ക് ബിസിസിഐ നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് മാത്രമേ അപേക്ഷ നൽകാൻ കഴിയൂ.

മുഖ്യ പരിശീലകനാകാനുള്ള യോഗ്യതകൾ ഇവയാണ്,

1) പ്രായം 60 വയസിൽ താഴെയായിരിക്കണം.

2) ഏതെങ്കിലും ടെസ്റ്റ് രാജ്യത്തെ 2 വർഷമെങ്കിലും പരിശീലിപ്പിച്ച പരിചയം വേണം. അല്ലെങ്കിൽ അസോഷ്യേറ്റ് അംഗം, ഐപിഎൽ ടീം, എ ടീം എന്നിവർക്കൊപ്പം മൂന്ന് വർഷത്തെ പരിചയം.

3) 30 ടെസ്റ്റ് മത്സരങ്ങളോ, 50 ഏകദിന മത്സരങ്ങളോ കളിച്ച പരിചയം.

സഹപരിശീലക സ്ഥാനത്തേക്കുള്ള യോഗ്യതകൾ

1) പ്രായം 60 വയസിൽ താഴെയായിരിക്കണം.

2) ഏതെങ്കിലും ടെസ്റ്റ് രാജ്യത്തെ 2 വർഷമെങ്കിലും പരിശീലിപ്പിച്ച പരിചയം വേണം. അല്ലെങ്കിൽ അസോഷ്യേറ്റ് അംഗം, ഐപിഎൽ ടീം, എ ടീം എന്നിവർക്കൊപ്പം മൂന്ന് വർഷത്തെ പരിചയം.

3) 10 ടെസ്റ്റ് മത്സരങ്ങളോ, 25 ഏകദിന മത്സരങ്ങളോ കളിച്ച പരിചയം.