SHARE

ഇന്ത്യന്‍ വനിതാ ടീം പരിശീലക സ്ഥാനത്ത് രമേശ് പവാറിന്റെ വാസം അവസാനിച്ചു. വെള്ളിയാഴ്ച്ച അവസാനിച്ച കരാര്‍ പുതുക്കാന്‍ ബിസിസിഐ താല്പര്യം കാണിക്കാതെ ഇരുന്നതോടെയാണ് പവാറിന്റെ ഭാവി അവസാനിച്ചെന്ന വ്യക്തത കൈവന്നത്. ട്വന്റി-20 ലോകകപ്പിനിടെ മുന്‍ നായകന്‍ മിതാലിരാജുമായുള്ള പ്രശ്‌നങ്ങളാണ് പവാറിന് വിനയായത്.

പുതിയ പരിശീലകനെ തേടി ബിസിസിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിശീലക സ്ഥാനത്തിനായി താത്പര്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ബിസിസിഐ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. മുംബൈയില്‍നിന്ന് ഒരു ഫോണ്‍ കോള്‍ വന്നതിനു പിന്നാലെ മിതാലിയെ ടീമില്‍നിന്ന് പവാര്‍ തഴഞ്ഞിരുന്നു. ഇതിനെതിരേ മിതാലി പരസ്യമായി രംഗത്തെത്തിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.

അതേസമയം മിതാലിയെ കളിപ്പിക്കാതിരിക്കാന്‍ ഇടപെട്ടത് ബിസിസിഐയിലെ ഒരു ഉന്നതനാണ് ഇടപ്പെട്ടതെന്ന സൂചനകളാണ് പുറത്തുവരുന്നത്. തലേദിവസം വരെ ഗെയിംപ്ലാനില്‍ മിതാലിയെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മത്സരദിവസം താരത്തെ സൈഡ്‌ബെഞ്ചിലിരുത്താന്‍ കോച്ച് പവാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ മിതാലി പൊട്ടിത്തെറിച്ചിരുന്നു.