SHARE

ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ദേശീയ ടീമിന്റെയും ബാറ്റിംഗ് പരിശീലകനായി വിക്രം റാത്തോറിനെ നിയമിച്ചേക്കും. വിക്രമിനൊപ്പം വിജയ് യാദവിനെ ഫീല്‍ഡിംഗ് പരിശീലകനായും നിയമിക്കാന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവത്തില്‍ വിവാദവും ഉയര്‍ന്നിട്ടുണ്ട്.

അണ്ടര്‍ 19 ദേശീ സെലക്ടറും മുന്‍ താരവുമായിരുന്ന ആശിഷ് കപൂറിന്റെ ബന്ധുവാണ് വിക്രം. ഇരട്ടപ്പദവി സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശത്തിന് എതിരാണ് വിക്രമിന്റെ നിയമനമെന്നാണ് ചില കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്. ഈ മാസം 12ന് രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പരിശീലിപ്പിക്കാന്‍ വിക്രമും ഉണ്ട്.

രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യയുടെ എ ടീമും അണ്ടര്‍ 19 ടീമും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇപ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തിനായി ഇന്ത്യ എ ടീമിനൊപ്പം വയനാട്ടിലാണ് ദ്രാവിഡ്. ഈ പരമ്പരയ്ക്കുശേഷം ദ്രാവിഡുമായി കൂടിയാലോചന നടത്തിയ ശേഷമാകും പുതിയ പരിശീലകരുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകൂ.