SHARE

രാജ്യത്ത് കോവിഡ് വ്യാപനം ഏറുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീ​ഗ് ഒരു ന​ഗരത്തിൽ മാത്രമായി നടത്താൻ ആലോചനയുള്ളതായി സൂചനകൾ. ക്രിക്ക്ബസാണ് മുംബൈയിൽ മാത്രമായി ഐപിഎൽ നടത്താനുള്ള സാധ്യത അധികൃതർ പരിശോധിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നത്.

പുതിയതായി രണ്ട് ടീമുകൾ കൂടി വന്ന സാഹചര്യത്തിൽ അടുത്ത ഐപിഎല്ലിൽ പങ്കെടുക്കുന്നവരുടെ എണ്ണം പത്തായി. ഐപിഎൽ ഇന്ത്യയിൽ തന്നെ ഈ പത്ത് ന​ഗരങ്ങളിലായി നടത്താനാണ് ബിസിസിഐ താൽപര്യപ്പെടുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപനം ശക്തമായതോടെ രഞ്ജി ട്രോഫി അടക്കമുള്ള പ്രാദേശിക ടൂർണമെന്റുകൾ നീട്ടിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ തന്നെ മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ മാത്രമായി ഐപിഎൽ സംഘടിപ്പിക്കാനുള്ള ആലോചന.

പത്ത് വേദികളിലായി മത്സരങ്ങൾ നടത്തുന്നതിന് തന്നെയാണ് ബിസിസിഐ പ്രഥമപരി​ഗണന നൽകിയിരിക്കുന്നത്. എന്നാൽ കോവി‍ഡ് വ്യാപനം രൂക്ഷമായാൽ പ്ലാൻ ബി എന്ന നിലയിൽ മുംബൈയെ ഏകവേദിയായി പരി​ഗണിക്കുന്നത്. മുംബൈയാണ് പരി​ഗണിക്കുന്നതെങ്കിൽ വാംഖഡെ,ബ്രാബോൺ, ഡിവൈ പാട്ടീൽ എന്നീ മൂന്ന് സ്റ്റേഡിയങ്ങളാകും ഐപിഎല്ലിന് വേദിയാകുക.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഐപിഎൽ തുടങ്ങിയെങ്കിലും കോവിഡ് വ്യാപനം തീവ്രമായതോടെ ഇടയ്ക്കുവച്ച് നിർത്തിവച്ചു. തുടർന്ന് ഓക്ടോബർ-നവംബർ മാസങ്ങളിലായി യുഎഇയിലാണ് ഐപിഎൽ രണ്ടാം ഘട്ടം നടത്തിയത്. എന്നാൽ ഇക്കുറി ഐപിഎൽ യുഎഇയിലേക്ക് മാറ്റുന്ന കാര്യം ബിസിസിഐ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ക്രിക്ബസ് റിപ്പോർട്ടിൽ പറയുന്നു.