SHARE

2024 നും 2031 നുമിടയിൽ നടക്കാനിരിക്കുന്ന‌ മൂന്ന് ഐസിസി ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ ബിസിസിഐക്ക് താല്പര്യമെന്നും ഇവക്കായി ബോർഡ് ബിഡ് ചെയ്യുമെന്നും സൂചന. കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐയുടെ അപക്സ് കൗൺസിൽ യോഗത്തിന് ശേഷം യാഹൂ ന്യൂസിനോട് സംസാരിക്കവെ ബിസിസിഐ ഒഫീഷ്യൽമാരിലൊരാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, 2025 ലെ ചാമ്പ്യൻസ് ട്രോഫി, 2028 ലെ ടി20 ലോകകപ്പ്, 2031 ലെ ഏകദിന ലോകകപ്പ് എന്നിവയുടെ ആതിഥേയത്വത്തിനായിട്ടാകും ബിസിസിഐ ബിഡ് സമർപ്പിക്കുക. അപക്സ് കൗൺസിൽ ഇക്കാര്യം അംഗീകരിച്ചെന്നും ബിഡ്ഡിംഗ് സമർപ്പിക്കാനുള്ള നടപടികളിൽ ഇനി ബോർഡ് മറ്റ് തടസങ്ങളൊന്നും നേരിടില്ലെന്നുമാണ് റിപ്പോർട്ട്.

അതേ‌ സമയം ഈ വർഷത്തെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഇന്ത്യ 2023 ലെ ഏകദിന ലോകകപ്പിനും വേദിയാകുന്നുണ്ട്. ഇതിന് ശേഷം 2025 ൽ മറ്റൊരു ഐസിസി ടൂർണമെന്റിന്റെ ആതിഥേയത്വ അവകാശം കൂടി ഇന്ത്യക്ക് നൽകുന്നതിനോട് മറ്റ് ക്രിക്കറ്റ് ബോർഡുകൾക്ക് എതിർപ്പുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. എന്നാൽ ഓരോ 2,3 വർഷം കൂടുന്തോറും ഐസിസിയുടെ ഗ്ലോബൽ ടൂർണമെന്റുകൾ വിജയകരമായി സംഘടിപ്പിക്കാനുള്ള നിലയിലാണ് ഇപ്പോൾ ബിസിസിഐയെന്നാണ് ബോർഡിലെ മുതിർന്ന അംഗങ്ങളിലൊരാൾ കഴിഞ്ഞ‌ ദിവസം യാഹൂ ന്യൂസിനോട് പറഞ്ഞത്. എന്തായാലും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.