SHARE

ഇനി മുതൽ 10 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ മാത്രം കളിച്ച താരങ്ങൾക്കും ബിസിസിഐയുടെ വാർഷിക കരാർ‌ ലഭിക്കും. നേരത്തെ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്ക് മാത്രമായിരുന്നു ബിസിസിഐയുടെ വാർഷിക കരാർ ലഭിച്ചിരുന്നതെങ്കിൽ ആ ഭേദഗതിയിൽ മാറ്റം വരുത്തി ടി20യിൽ മാത്രം കളിക്കുന്ന താരങ്ങൾക്കും വാർഷിക കരാർ നൽകാൻ ബിസിസിഐ തീരുമാനമെടുക്കുകയായിരുന്നു. ടി20 സ്പെഷ്യലിസ്റ്റുകളായ ഇന്ത്യൻ ക്രിക്കറ്റർമാർക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

അതേ സമയം ഗ്രേഡ് എ പ്ലസ് കരാറാണ് ബിസിസിഐ നൽകുന്ന വാർഷിക കരാറിൽ ഏറ്റവും ഉയർന്നത്. ഇതിൽ ഇടം പിടിച്ചിരിക്കുന്ന താരങ്ങൾക്ക് 7 കോടി രൂപയാണ് ഒരു വർഷം ലഭിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന്‌ഫോർമ്മാറ്റുകളിലും ടീമിന്റെ അവിഭാജ്യ ഘടകങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രിത് ബുംറ എന്നിവർക്കാണ് 2019-20 സീസണിൽ എ പ്ലസ് കരാർ ലഭിച്ചത്.

വർഷം അഞ്ച് കോടി രൂപ ലഭിക്കുന്ന എ ഗ്രേഡ് കരാറിൽ മൊത്തം 11 താരങ്ങളാണ് കഴിഞ്ഞ തവണ ഇടം പിടിച്ചിരുന്നത്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, കെ എൽ രാഹുൽ, ശിഖാർ ധവാൻ, മൊഹമ്മദ് ഷാമി, ഇഷാന്ത് ശർമ്മ, കുൽദീപ് യാദവ്, ഋഷഭ് പന്ത് എന്നിവരാണ് ഇവർ.

വർഷം 3 കോടി രൂപ ലഭിക്കുന്ന ബി ഗ്രേഡ് കരാർ 2019-20 ൽ നേടിയിരുന്നത്. അഞ്ച് താരങ്ങളാണ്. വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചഹൽ, ഹാർദിക് പാണ്ട്യ, മയങ്ക് അഗർവാൾ എന്നിവരായിരുന്നു ഇത്.

വർഷം 1 കോടി രൂപ ലഭിക്കുന്ന സി ഗ്രേഡ് കരാറിൽ 2019-20 ൽ ഇടം നേടിയത് 8 താരങ്ങളാണ്. കേദാർ ജാദവ്, നവ്ദീപ് സൈനി, ദീപക് ചഹർ, മനീഷ് പാണ്ടെ, ഹനുമ വിഹാരി, ഷർദുൽ താക്കൂർ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ എന്നിവരായിരുന്നു ഈ താരങ്ങൾ.