SHARE

ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന്റേയും, ഉപനായകൻ ഡേവിഡ് വാർണറിന്റെയും ക്രിക്കറ്റ് കരിയർ കൂടുതൽ സങ്കീർണമാകുന്നു. കേപ്ടൗൺ ടെസ്റ്റിനിടെയുണ്ടായ പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയാൽ ഇരുവരേയും ഐപിഎൽ കളിക്കാനും അനുവദിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. “ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിനും വാർണർക്കും വിലക്ക് നൽകിയാൽ ഐപിഎൽ ടീമുകൾക്കും അവരെ അവരെ ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല.കഴിഞ്ഞ വർഷം വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസലിന് കൊൽക്കത്തൻ ടീമിൽ കളിക്കാൻ പറ്റാതിരുന്നത് പോലെ ഓസീസ് താരങ്ങൾക്കും ഇത്തവണ ഐപിഎൽ പുറത്തിരുന്ന് കാണേണ്ടി വരും. ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതിനിടെ സംഭവത്തിൽ വിശദാന്വേഷണം നടത്തുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. സംഭവത്തിൽ നടത്തിയ പ്രഥമ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാർണർ, കാമറോൺ ബാങ്ക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയിൽ നിന്ന് നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമായിരിക്കും ഇവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുക. ഒരു വർഷം വിലക്ക് പോലുള്ള കടുത്ത ശിക്ഷാനടപടികൾ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതികളിലുണ്ടെന്നാണ് കരുതുന്നത്.

അതേ സമയം ഐപിഎൽ കളിക്കാനാവാതെ വന്നാൽ സാമ്പത്തികമായും വലിയ നഷ്ടമാകും ഇരു താരങ്ങൾക്കും സംഭവിക്കുക. 12 കോടി രൂപ മുടക്കിയാണ് രാജസ്ഥാൻ റോയൽസ് ഈ വർഷം സ്റ്റീവൻ സ്മിത്തിനെ തങ്ങളുടെ ടീമിലെത്തിച്ചത്. 12.5 കോടി രൂപയാണ് ഡേവിഡ് വാർണറിനായി സൺ റൈസേഴ്സ് മുടക്കിയത്. നേരത്തെ ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായി പ്രഖ്യാപിച്ചിരുന്ന സ്മിത്തിനെ വിവാദ സംഭാവങ്ങളെത്തുടർന്ന് അവർ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയിരുന്നു. സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് കടന്നതോടെ ഇന്ന് ഡേവിഡ് വാർണറിനും ഐപിഎൽ നായക സ്ഥാനം ഒഴിയേണ്ടി വന്നു. സംഭവം കൈവിട്ട് തുടങ്ങിയതോടെ സാധാ താരങ്ങളായി പോലും ഇവർ ഐപിഎൽ കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.