SHARE

ഈ വർഷം ജപ്പാനിലെ ‌‌ടോക്കിയോ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ഇന്ത്യൻ സംഘത്തിന് 10 കോടി രൂപ‌ ധനസഹായം നൽകാൻ തീരുമാനമെടുത്ത് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ). ഇന്ന് നടന്ന അപക്സ് കൗൺസിൽ യോഗത്തിലാണ്‌ ബിസിസിഐ ഇത്തരത്തിലൊരു സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന. ബിസിസിഐയുടെ ഈ തീരുമാനത്തെ കായിക ലോകം വലിയ കൈയ്യടികളോടെയാണ് സ്വാഗതം ചെയ്യുന്നത്.

കഴിഞ്ഞ വർഷം നടക്കാനിരുന്ന ഒളിമ്പിക്സ്, കോവിഡിനെത്തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. ജൂലൈ 23 ന് കൊടിയേറുന്ന ഒളിമ്പിക് മാമാങ്കം ഓഗസ്റ്റ് 8 നാണ് അവസാനിക്കുന്നത്. ജപ്പാൻ തലസ്ഥാനമായ ടോക്കിയോ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ഒളിമ്പിക്സിൽ പങ്കെടുക്കാനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിന് ഇത്തരത്തിലൊരു ധനസഹായം നൽകാൻ ബിസിസിഐ‌ തയ്യാറെടുക്കുന്നത് രാജ്യത്തെ കായിക‌ പ്രേമികളെ ആവേശഭരിതരാക്കിയിട്ടുണ്ട്.