SHARE

ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുമ്പോളും ഇന്ത്യൻ ആരാധകർക്ക് പിങ്ക് ബോളിൽ തങ്ങളുടെ ഒരു പകൽ-രാത്രി മത്സരം കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഡേ-നൈറ്റ് മത്സരങ്ങളോട് വലിയ താല്പര്യം കാണിച്ചിട്ടില്ല എന്നത് തന്നെ കാരണം. ഇപ്പോൾ ഇതാ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിന്റെ കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ ആക്ടിംഗ് സെക്രട്ടറിയായ അമിതാഭ് ചൗധരി.

ഡേ നൈറ്റ് ടെസ്റ്റ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അമിതാഭ് ചൗധരി പറയുന്നു ” എന്നാണ് ഇന്ത്യ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുകയെന്നും, അതിന് ആതിഥേയത്വം വഹിക്കുകയെന്നുമുള്ള ചോദ്യങ്ങൾ ഏറെ നാളുകളായി കേൾക്കുന്നതാണ്‌. വളരെ വേഗം തന്നെ ഇക്കാര്യത്തിൽ ഞങ്ങൾ (ബിസിസിഐ) തീരുമാനം എടുക്കുന്നതായിരിക്കും. ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യൻ ടീമിന്റെ പിങ്ക് ബോൾ മത്സരം അധികം വൈകാതെ തന്നെയുണ്ടാവും. എന്നാൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം പകൽ രാത്രി ആയിട്ടായിരിക്കില്ല നടത്തുക.” . അദ്ദേഹം പറഞ്ഞു നിർത്തി‌.

2015 ൽ ഓസ്ട്രേലിയയും – ന്യൂസിലൻഡും തമ്മിലാണ് ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നത്. അതിന് ശേഷം ഇന്ന് വരെ എട്ട് മത്സരങ്ങളാണ് ഇത്തരത്തിൽ അരങ്ങേറിയത്. ഇതിൽ നാലെണ്ണത്തിലും ഓസ്ട്രേലിയ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് ഇതേ വരെ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാൻ പറ്റിയിട്ടില്ലെങ്കിലും മുൻ വർഷങ്ങളിലെ ദുലീപ് ട്രോഫി മത്സരങ്ങൾ പകലും രാത്രിയുമായി നടന്നിരുന്നു. നേരത്തെ 2016 ൽ ന്യൂസിലൻഡിനെതിരെ പിങ്ക് ബോൾ ടെസ്റ്റ് കളിക്കുമെന്ന്  ബിസിസിഐ പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അന്ന് മത്സരം നടക്കാതെ പോവുകയായിരുന്നു.