SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള കമന്ററി ടീമിൽ രണ്ട് ഇന്ത്യക്കാരെ മാത്രം ഉൾപ്പെടുത്തിയ ബിസിസി ഐ തീരുമാനത്തിനെതിരെ ശക്തമായ വിമർശനം. മുൻ ഇന്ത്യൻ താരങ്ങൾ അടക്കമുള്ള നിരവധി പ്രമുഖർ ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിരവധി ഇന്ത്യൻ കമന്റേറ്റർമാരുണ്ടായിരുന്നെങ്കിലും പ്ലേ ഓഫ് ഘട്ടമെത്തിയപ്പോൾ സുനിൽ ഗവാസ്കറിനേയും, സഞ്ജയ് മഞ്ജരേക്കറെയും മാത്രമായിരുന്നു ഇന്ത്യയിൽ നിന്ന് കമന്ററി പാനലിലേക്ക് തിരഞ്ഞെടുത്തത്.

മൈക്കൽസ്ലേറ്റർ, മൈക്കൽ ക്ലാർക്ക്, സൈമൺ ഡൂൾ തുടങ്ങിയ വിദേശ കമന്റേറ്റർമാർക്കൊപ്പമാണ് സുനിൽ ഗവാസ്കറും സഞ്ജയ് മഞ്ജരേക്കറും പ്ലേ ഓഫിൽ കളി പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിടുന്ന റിപ്പോർട്ടനുസരിച്ച് പേര് വെളിപ്പെടുത്താനിഷ്ടപ്പെടാത്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഉൾപ്പെടെ പല മുൻ ക്രിക്കറ്റർമാരും ബിസിസിഐ യുടെ ഈ തീരുമാനത്തിൽ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന ഒരു ടൂർണമെന്റിൽ വിദേശത്ത് നിന്നുള്ളവർക്ക് അമിത പ്രാധാന്യം നൽകിയതാണ് ഇവരെ ചൊടിപ്പിക്കുന്നത്.

” ഇത് ഇന്ത്യൻ പ്രീമിയർ ലീഗാണെന്നും, പിന്നെന്ത് കൊണ്ട് ഇന്ത്യക്കാർക്ക് എല്ലാ മേഖലയിലും മുൻ തൂക്കം നൽകുന്നില്ലെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചോദ്യമുയർത്തുന്നു. ഇന്ത്യക്കാർ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നില്ലേ, വിദേശ കമന്റേറ്റർമാർക്ക് ഇവിടുത്തെ കമന്റേറ്റർമാരേക്കാൾ എന്ത് പ്രത്യേകതയാണുള്ളത്. അദ്ദേഹം ചോദിക്കുന്നു. അതേ സമയം ബിസിഐഐ ഇത് വരെയും ഈ ആരോപണത്തിന് മറുപടി നൽകിയിട്ടില്ല. സംഭവത്തിൽ ബിസിസിഐയുടെ മറുപടി എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ലോകം.