SHARE

ഡേ നൈറ്റ് ടെസ്റ്റിനു വേദിയാകാന്‍ ഈഡന്‍ ഗാര്‍ഡന്‍സ് ഒരുങ്ങുന്നു. ഏറ്റവുമടുത്തു നടക്കാിനിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡേ നൈറ്റായി നടത്താന്‍ സാധ്യത ഏറുകയാണ്. ഈ വിഷയത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡിന്റെ അഭിപ്രായമാരാഞ്ഞ് ബിസിസിഐ കത്തയച്ചു.

കത്തു ലഭിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് കത്തു ലഭിച്ചതായും എന്നാല്‍ ഈ വിഷയം ഇതുവരെ ചര്‍ച്ചയ്‌ക്കെടുത്തില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. വേണ്ട വിധത്തിലുള്ള കൂടിയാലോചനകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ മറുപടി നല്‍കുമെന്നും അവര്‍ അറിയിച്ചു.

അനുകൂലമായ മറുപടിയാണ് ലഭിക്കുന്നതെങ്കില്‍ ബംഗ്ലാദേശുമായി ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചു നടക്കുന്ന ടെസ്റ്റ് രാത്രിയും പകലുമായി നടന്നേക്കും. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ് ഡേ നൈറ്റ് ടെസ്റ്റു നടത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും അനുകൂലാഭിപ്രായം പറഞ്ഞതായി സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ട് വരുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിസി ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിച്ചത്. മിക്ക ടീമുകളും ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചെങ്കിലും ഇന്ത്യ ഇത് വരെ ഒരു തവണ പോലും ഇത്തരം മത്സരങ്ങളില്‍ കളിച്ചിട്ടില്ല.

കൂടുതല്‍ മത്സരപരിചയമില്ലാതെ പിങ്ക് പന്തില്‍ നടക്കുന്ന പകല്‍-രാത്രി മത്സരങ്ങളില്‍ കളിക്കുന്നത് ബുദ്ധിപരമല്ലെന്ന ബിസിസിഐ യുടെ കണ്ടെത്തലാണ് ഇതിന് കാരണം.എന്നാല്‍ സൗരവ് ഗാംഗുലി, ബിസിസിഐ യുടെ പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും പകല്‍-രാത്രി ടെസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതും സാധ്യതകള്‍ ഇത്രത്തോളം എത്തിയതും.