SHARE

കഴിഞ്ഞ ദിവസമാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി അനൗദ്യോഗികമായി നിർത്തലാക്കുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിനെക്കുറിച്ച് ഉയർന്ന് കേൾക്കുന്നത്. ചിലർ സച്ചിനോടുള്ള ആദരവ് കാണിക്കാൻ ഇതാണ് ഏറ്റവും നല്ല വഴിയെന്ന് പറയുമ്പോൾ മറ്റു ചിലർക്ക് ഈ തീരുമാനത്തോട് ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർ അണിഞ്ഞിരുന്നത് പത്താം നമ്പർ ജേഴ്സിയായിരുന്നു. 99,33 എന്നീ നമ്പരുകളിലുള്ള ജേഴ്സിയും സച്ചിൻ ധരിച്ചിരുന്നെങ്കിലും 10 തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഫേവറൈറ്റ് ജേഴ്സി നമ്പർ. അത് തന്നെയായിരുന്നു ഏറ്റവും കൂടുതൽ കാലം അദ്ദേഹം ഉപയോഗിച്ചിരുന്നതും. സച്ചിന്റെ വിരമിക്കലിന് ശേഷം പത്താം നമ്പർ കുപ്പായവും ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് മറഞ്ഞ് തുടങ്ങിയിരുന്നു‌. ഇക്കൊല്ലം ഫാസ്റ്റ് ബോളർ ഷർദൂൽ താക്കൂറാണ് സച്ചിന് ശേഷം ഇന്ത്യൻ ടീമിൽ ആദ്യമായി പത്താം നമ്പർ ജേഴ്സി അണിയുന്നത്.

എന്നാൽ  താക്കൂറിന് സച്ചിന്റെ ജേഴ്സി നമ്പർ നൽകിയതിനെതിരെ വൻ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിലും മറ്റും അരങ്ങേറിയത്. ഇതിഹാസ താരങ്ങൾക്ക് മാത്രം ധരിക്കാൻ അർഹതയുള്ളതാണ് പത്താം നമ്പർ കുപ്പായമെന്നായിരുന്നു അന്ന് ഒച്ചപ്പാടുണ്ടാക്കിയ ആളുകൾ ന്യായമായി പറഞ്ഞത് അതേ സമയം ജേഴ്സിയെച്ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ കണ്ടത് കൊണ്ടാണോ എന്തോ താക്കൂർ പത്താംനമ്പർ ജേഴ്സി എന്ന മോഹം ഉപേക്ഷിച്ചിരുന്നു.

അങ്ങനെയിരിക്കുമ്പോളാണ് സച്ചിന്റെ ജേഴ്സി നമ്പർ ഇന്ത്യൻ ടീമിൽ നിന്ന് പിൻ വലിക്കുകയാണെന്ന് ക്രിക്കറ്റ് ബോർഡ് അറിയിക്കുന്നത്. സച്ചിൻ ഇതിഹാസ തുല്യനായ ക്രിക്കറ്ററാണ്. അദ്ദേഹം ഇവിടെ അവശേഷിപ്പിച്ച് പോയ ക്രിക്കറ്റ് റെക്കോർഡുകൾ പലർക്കും സ്വപ്നംകാണാൻ പോലും പറ്റാത്തവയുമാണ്, എന്നാൽ അതിനൊക്കെ തിരിച്ച് ആദരവ് പ്രകടിപ്പിക്കേണ്ട രീതി ഇതാണോ എന്ന കാര്യത്തിലാണ് സംശയം. ക്രിക്കറ്റ് ഇതിഹാസം ധോണിയുടെ വിരമിക്കലിന് പിറകേ അദ്ദേഹത്തിന്റെ ജേഴ്സി നമ്പരായ 7 ഉം കോഹ്ലി വിരമിച്ചു കഴിയുമ്പോൾ അദ്ദേഹത്തിന്റെ നമ്പരായ 18 ഉം ഇത് പോലെ തന്നെ പിൻവലിക്കപ്പെടുമോ? അങ്ങനെയാണെങ്കിൽ, ഒരു അൻപത് വർഷം കഴിയുമ്പോൾ പിറകിൽ നമ്പർ പതിപ്പിക്കാത്ത ജേഴ്സിയണിഞ്ഞ് ഇന്ത്യൻ ടീം കളിക്കുന്നതും നമുക്ക് കാണേണ്ടി വരും