SHARE

റഷ്യയിൽ തങ്ങളുടെ രണ്ടാം ലോക കിരീടം സ്വന്തമാക്കാൻ ഫ്രാൻസിന് കരുത്തായത് മെസിയുടെ അർജന്റീന യ്ക്കെതിരെ പ്രീക്വാർട്ടറിൽ നേടിയ ജയം നൽകിയ ആത്മവിശ്വാസമാണെന്ന് ഫ്രാൻസ് നായകൻ ഹ്യൂഗോ ലോറിസ്. അർജന്റീനയ്ക്കെതിരെ നേടിയ തകർപ്പൻ ജയം ടീമിന്റെ ആത്മവിശ്വാസം ഒറ്റയടിക്കുയർത്തിയെന്നും പിന്നീട് തകർപ്പൻ പ്രകടനം കാഴ്ച വെക്കാൻ ഫ്രാൻസിനെ ഇത് സഹായിച്ചതായും ഗോൾകീപ്പർ കൂടിയായ ഫ്രാൻസ് നായകൻ പറഞ്ഞു. നേരത്തെ അർജന്റീനയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ 2-1 ന് പിന്നിൽ നിന്ന ശേഷമായിരുന്നു തിരിച്ചടിച്ച് ഫ്രാൻസ് വിജയം കണ്ടത്.

” പ്രീക്വാർട്ടറിൽ തങ്ങൾക്ക് ഏറ്റവും മികച്ച എതിരാളികളെയാണ് ലഭിച്ചത്. അർജന്റീനയെ, അതും ലയണൽ മെസിയുടെ അർജന്റീനയെ. അന്ന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് നേടിയ വിജയം തങ്ങളുടെ ആത്മവിശ്വാസം കുത്തനെ ഉയർത്തി‌. തങ്ങൾക്ക് ഒന്നും അസാധ്യമായിട്ടില്ല എന്ന് ടീമിലെല്ലാവർക്കും മനസിലായി. അന്ന് മെസിയേയും അർജന്റീനയേയും പരാജയപ്പെടുത്തിയപ്പോൾ ലഭിച്ച ആത്മവിശ്വാസവും കരുത്തുമാണ് പിന്നീട് വന്ന മത്സരങ്ങളെല്ലാം ജയിക്കാനും ലോകകിരീടത്തിൽ മുത്തമിടാനും തങ്ങളെ സഹായിച്ചത്”. ലോറിസ് പറഞ്ഞുനിർത്തി.