SHARE

ഇം​ഗ്ലീഷ് ഫുട്ബോളിലെ സൂപ്പർതാരം ഡേവിഡ് ബെക്കാമിന്റ ക്ലബ് ഉടമയെന്ന നിലയിലുള്ള അരങ്ങേറ്റം മോശം. ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയാണ് മേജർ ലീ​ഗ് സോക്കറിലെ അരങ്ങേറ്റമത്സരത്തിൽ തന്നെ തോൽവി നേരിട്ടത്.

ഈ സീസണിലാണ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഇന്റർ മേജർ ലീ​ഗ് സോക്കറലേക്ക് എത്തുന്നത്. ഇന്നലെ മുൻ സീസണിലെ ലീ​ഗ് ഒന്നാം സ്ഥാനക്കാരായിരുന്നു ലോസ് ആഞ്ജലസീസ് എഫ്.സിയായിരുന്നു ഇന്ററിന്റെ എതിരാളി. ലോസ് ആഞ്ജലീസിന്റെ​ ​ഗ്രൗണ്ടിൽ നടന്ന ആദ്യ പോരാട്ടത്തിൽ എതിരില്ലത്ത ഒരു ​ഗോളിന് ആതിഥേയർ വിജയിച്ചു. മെക്സിക്കൻ സൂപ്പർതാരം കാർലോസ് വേലയാണ് ​ഗോൾ നേടിയത്.

ബെക്കാമിന്റെ ടീം കളിക്കുന്നു എന്നതിനാൽ തന്നെ മത്സരത്തിന് കാഴ്ചക്കാരേറെയുണ്ടായിരുന്നു. മത്സരം കാണാൻ ബെക്കാം എത്തിയിരുന്നു. ഭാര്യ വിക്ടോറിയ ബെക്കാം, മകൻ ബ്രൂക്ക്ലിൻ എന്നിവർക്കൊപ്പമായിരുന്നു ബെക്കാം എത്തിയത്.