SHARE

അടുത്തമാസം നടക്കാനിരിക്കുന്ന യൂറോ കപ്പിനായി തകർപ്പൻ സ്ക്വാഡ് പ്രഖ്യാപിച്ച് ബെൽജിയം. പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പ്രഖ്യാപിച്ച 26 അം​ഗ സ്ക്വാഡിൽ ഫോമിലല്ലെങ്കിലും സൂപ്പർതാരം ഈഡൻ ഹസാർഡ് ഇടം പിടിച്ചു. മെയിൻ സ്ക്വാഡിന് പുറമെ 11 അം​ഗ റസർവ് ടീമിനേയും മാർട്ടിനെസ് തിരഞ്ഞെടുത്തിട്ടുണ്ട്.

ബെൽജിയത്തിന്റെ ക്യാപ്റ്റനായ ഹസാർഡ് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ താരമാണ്. മുമ്പ് ബെൽജിയം ലോകകപ്പ് സെമി വരെയെത്തിയത് ഹസാർഡിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി താരത്തിന്റെ ഫോം മങ്ങിയിരിക്കുകയാണ്. നിരന്തരം പരുക്കും അലട്ടിയതോടെ പലപ്പോഴും ദേശീയ ടീമിനായും ഹസാർഡിന് കളിക്കാൻ സാധിച്ചില്ല. എന്നാൽ ടീമിലെ പ്രധാന താരം താൻ തന്നെയാണെന്നെ മാർട്ടിനിസിന്റെ സ്ക്വാഡ് പ്രഖ്യാപനത്തിലൂടെ ഹസാർഡ് തെളിയിച്ചു.

തിബോ കോർട്വ, സിമോൺ മി​ഗ്നോലെറ്റ്, ടോബി ആൾഡർവെയ്റൾഡ്, യാൻ വെർതോം​ഗൻ, തോമസ് വെർമീലൻ, അക്സെൽ വിറ്റ്സൽ, കെവിൻ ഡിബ്രുയൻ, യാന്നിക്ക് കരാസ്കോ, യൂറി ടെലിമാൻസ്, ഡ്രെയിസ് മെർട്ടൻസ്, റൊമേലു ലുക്കാക്കു, ക്രിസ്റ്റന്യൻ ബെൻടെക്കെ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം സ്ക്വാഡിൽ ഇടം പിടിച്ചു.

യൂറോ കപ്പിൽ ​ഗ്രൂപ്പ് ബിയിലാണ് ബെൽജിയം. റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക് എന്നിവരാണ് ​ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 12-ന് റഷ്യക്കെതിരെയാണ് ബെൽജിയത്തിന്റെ ആദ്യ മത്സരം. യൂറോയ്ക്ക് മുമ്പ് ​ഗ്രീസ്, ക്രൊയേഷ്യ എന്നിവർക്കെതിരെ ബെൽജിയത്തിന് സൗഹൃദമത്സരങ്ങളുണ്ട്.