SHARE

കാര്യമായ പ്രസക്തിയില്ലാതിരുന്ന ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ബെല്‍ജിയത്തിന് ഒരുഗോള്‍ ജയം. അഡ്‌നാന്‍ ജനുസാജാണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. ഇരുടീമും പ്രമുഖരെ പുറത്തിരുത്തിയാണ് കളത്തിലിറങ്ങിയത്. ബെല്‍ജിയം ഒമ്പത് മാറ്റങ്ങളും ഇംഗ്ലണ്ട് എട്ടു മാറ്റങ്ങളുമാണ് വരുത്തിയത്. മത്സരഫലം മുന്നോട്ടുള്ള പ്രയാണത്തെ ആശ്രയിക്കാത്തതിനാലായിരുന്നു ഇത്.

ജൂലൈ രണ്ടിന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ജപ്പാനാണ് ബെല്‍ജിയത്തിന്റെ എതിരാളി. ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ നേരിടും. ജൂലൈ മൂന്നിനാണ് മത്സരം. മുന്നേറ്റനിരയില്‍ മൂന്നു താരങ്ങളുമായി ബെല്‍ജിയം ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയാണ് കളിച്ചത്. ഇംഗ്ലണ്ട് പ്രതിരോധത്തിനാണ് മുന്‍തൂക്കം നല്‍കിയത്. ആദ്യപകുതിയില്‍ പന്തു കൈവശം വയ്ക്കുന്നതിലും മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ഗോള്‍ മാത്രം അകന്നു നിന്നു.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 51ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്. പെനല്‍റ്റി ബോക്‌സിനുള്ളില്‍ ജനുസാജ് നടത്തിയ മിന്നും നീക്കങ്ങളാണ് ബെല്‍ജിയത്തിന് ഗോള്‍ സമ്മാനിച്ചത്. ഇംഗ്ലീഷ് പ്രതിരോധനിരയെ മറികടന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് വലയിലെത്തുകയായിരുന്നു.