SHARE

രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനോട് വിടപറഞ്ഞ് തോമസ് വെർമയ്ലെൻ. ബെൽജിയത്തിന്റെ സെൻട്രൽ ഡിഫൻഡറായ വെർമയ്ലെൻ ഇനി ദേശീയ ടീം പരിശീലകസംഘത്തിൽ റോബെർട്ടോ മാർട്ടിനെസിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കും. ബെൽജിയം ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.

36-കാരനായ വെർമയ്ലെൻ 2003-ൽ ഡച്ച് സൂപ്പർക്ലബ് അയാക്സിലൂ‌ടെയാണ് കരിയർ തുടങ്ങുന്നത്. ആറ് വർഷങ്ങൾക്ക് ശേഷം 2009-ൽ വെർമെയ്ലൻ ഇം​ഗ്ലീഷ് സൂപ്പർക്ലബ് ആഴ്സനലിന്റെ ഭാ​ഗമായി. ​ഗണ്ണേഴ്സിനായി 150-ഓളം മത്സരങ്ങൾ കളിച്ച വെർമയ്ലെൻ പിന്നീട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെ ഭാ​ഗമായി. ക്ലബിനായി അധികം മത്സരങ്ങൾ കളിക്കാൻ വെർമയ്ലെന് സാധിച്ചില്ല. എങ്കിലും ബാഴ്സയ്ക്കൊപ്പം ഒട്ടേറെ കിരീടനേട്ടങ്ങളിൽ വെർമയ്ലെൻ പങ്കാളിയായി. ഇടയ്ക്ക് ലോണിൽ ഇറ്റാലിയൻ സൂപ്പർക്ലബായ റോമയുടെ ജേഴ്സിയുമണി‍ഞ്ഞു.

കഴിഞ്ഞ രണ്ടര വർഷത്തോളമായി ജാപ്പനീസ് ക്ലബ് വിസൽ കോബിന് വേണ്ടി കളിക്കുകയായിരുന്ന വെർമയ്ലെൻ അടുത്തിടെ ക്ലബ് വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനവും. ബെൽജിയം ദേശീയ ടീമിന്റെ ​ഗോൾഡൻ ജനറേഷനുകളിൽ പെട്ട താരമായ വെർമയ്ലൻ 85 തവണ രാജ്യത്തിന്റെ ജേഴ്സി അണിഞ്ഞു.