SHARE

കളിക്കാരുമായി പ്രശ്നങ്ങൾ‍ സൃഷ്ടിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പരിശീലകനാണ് ഹോസെ മൗറീന്യോ. ഏറ്റവുമൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മൗറീന്യോയുടെ പുറത്താകലിന് പിന്നിലും പോ​ഗ്ബയടക്കമുള്ള കളിക്കാരുമായുള്ള പ്രശ്നങ്ങളായിരുന്നു

മൗറീന്യോയുടെ കീഴിൽ രണ്ട് വർഷം ചെൽസിയിലുണ്ടായിട്ടും രണ്ട് തവണ മാത്രമാണ് തമ്മിൽ സംസാരിച്ചിട്ടുള്ളതെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ബെൽജിയൻ താരം കെവിൻ ഡി ബ്രുയൻ. 2012 മുതൽ രണ്ട് വർഷമായിരുന്നു ഡി ബ്രുയൻ ചെൽസിയലുണ്ടായിരുന്നത്. ആകെ കളിച്ചത് ഒമ്പത് മത്സരങ്ങളും. ഇതിനിടയിൽ ഒരു വർഷം ജർമനിയിൽ ലോണിലും കളിച്ചു.

ജർമൻ ക്ലബ് വെർഡർ ബ്രമന് വേണ്ടി ലോണിൽ കളിക്കുമ്പോഴാണ് എതിരാളികളായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പരിശീലകൻ യുർ​ഗൻ ക്ലോപ് ഡി ബ്രുയനെ നോട്ടമിട്ടത്. ഇതറിഞ്ഞ സമയത്താണ് ആദ്യമായി മൗറീന്യോ തന്നോട് ആദ്യമായി വ്യക്തിപരമായി സംസാരിക്കുന്നതെന്ന് ഡി ബ്രുയൻ പറഞ്ഞു. അതും ഞാൻ ചെൽസിയിൽ തുടരണം എന്ന ഒരു സന്ദേശം മാത്രമായിരുന്നു അതെന്നും ഡിബ്രുയൻ കൂട്ടിച്ചേർത്തു

പിന്നീടൊരിക്കൽ മൗറീന്യോ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. അന്ന് എന്റെ പ്രകടനത്തെക്കുറിച്ചുള്ള അസംതൃപ്തി അദ്ദേഹം പങ്കുവെച്ചു. എന്നാൽ കളിക്കാൻ ആവശ്യത്തിനുള്ള അവസരം പോലും ലഭിക്കാതിരുന്ന ഞാൻ, ക്ലബിനെ എന്നെ വേണ്ട എന്നാണ് തോന്നുന്നത്, അതിനാൽ എന്നെ വിൽക്കുന്നതായിരിക്കും നല്ലെന്ന് അറിയിച്ചു, ഡിബ്രുയൻ പറഞ്ഞു