SHARE

ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ പനാമയ്‌ക്കെതിരെ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം. ലോകകപ്പിലെ കന്നിക്കാരായ പനാമയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബെല്‍ജിയം തകര്‍ത്തത്. റെഡ് ഡെവിള്‍സിന് വേണ്ടി സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ഇരട്ട ഗോളുകള്‍ നേടി. ഡ്രയസ് മെർട്ടൻസാണ് മറ്റു സ്കോറർ.

ആദ്യ പകുതിയില്‍ ബെല്‍ജിയം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വഴങ്ങാതെ പനാമ പിടിച്ചു നിന്നു. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ ഇതുവരെയുള്ള വമ്പന്‍മാരുടെ ദുരനുഭവങ്ങളും മനസ്സില്‍ വെച്ചാണ് ബെല്‍ജിയം രണ്ടാം പകുതിയില്‍ ഇറങ്ങിയത്. 47ാം മിനുട്ടില്‍ തന്നെ അതിന് ഫലവുമുണ്ടായി. മികച്ചൊരു വോളിയിലൂടെ ഡ്രെയസ് മെര്‍ട്ടന്‍സാണ് പനാമ ഗോള്‍വലയില്‍ ആദ്യ ഗോള്‍ നിക്ഷേപിച്ചത്.

69ാം മിനുട്ടില്‍ റൊമേലു ലുക്കാക്കു ബെല്‍ജിയത്തിന്റെ ലീഡുയര്‍ത്തി. ഏഡൻ ഹസാര്‍ഡൊരുക്കിയ മുന്നേറ്റത്തില്‍ നിന്ന് പന്തു സ്വീകരിച്ച് കെവിന്‍ ഡി ബ്രുയന്റെ മനോഹരമായ ക്രോസ്. ഓഫ് സൈഡ് കെണി പൊട്ടിച്ചു കൊണ്ട് ലുക്കാക്കു പന്ത് ഹെഡ് ചെയ്ത് പനാമയുടെ വലയിലെത്തിച്ചു. ആറു മിനുട്ടിനകം ലുക്കാക്കുവിന്റെ രണ്ടാം ഗോള്‍. ഇത്തവണ ഹസാര്‍ഡായിരുന്നു ഗോളിലേക്കുള്ള പന്ത് ലുക്കാക്കുവിന് കൈമാറിയത്. റഫറിയുടെ അന്തിമ വിസില്‍ മുഴങ്ങിയതോടെ ബെല്‍ജിയം ആരാധകര്‍ വിജയാഘോഷം തുടങ്ങിയിരുന്നു. കന്നി ലോകകപ്പ് പോരാട്ടത്തില്‍ പനാമ തോല്‍വിയോടെ മടങ്ങുകയും ചെയ്തു.