SHARE

 

ആദ്യ ഇന്നിംഗ്സില്‍ വെറും 67 റണ്‍സിന് പുറത്തായ ടീം. രണ്ടാം ഇന്നിംഗ്സിലും കാര്യമായ നേട്ടമുണ്ടാതിരുന്നിട്ടും ജയിക്കുക. അത്ഭുതമെന്നല്ലാതെ ഇംഗ്ലണ്ടിന്റെ ജയത്തെ എങ്ങനെ വിശേഷിപ്പിക്കും. ആഷസ് പരമ്പരയില്‍ ആവേശം ഒപ്പത്തിനൊപ്പമാക്കിയ ഇംഗ്ലണ്ട് ജയത്തില്‍ ആ പത്താംവിക്കറ്റിനും വലിയൊരു പങ്കുണ്ട്.

സ്റ്റൂവര്‍ട്ട് ബ്രോഡ് പുറത്താകുമ്പോള്‍ 73 റണ്‍സ് കൂടി വേണമായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍. ഓസീസ് ജയം ഉറപ്പിച്ച നിമിഷം. എന്നാല്‍ ബെന്‍ സ്റ്റോക്ക്സ് എന്ന പോരാളിക്കൊപ്പം ജാക്ക് ലീച്ച് ചേര്‍ന്നതോടെ മാറിമറിഞ്ഞത് ക്രിക്കറ്റിലെ നാടകീയ നിമിഷങ്ങള്‍. തലങ്ങും വിലങ്ങും ബൗളര്‍മാരെ പായിച്ച സ്റ്റോക്ക്സിന് അര്‍ഹിച്ച പിന്തുണയാണ് ലീച്ച് നല്കിയത്. കേവലം ഒരുറണ്‍സ് മാത്രമാണ് എടുത്തതെങ്കിലും വിലപ്പെട്ട 17 പന്തുകളെ പ്രതിരോധിക്കാന്‍ ഈ വാലറ്റക്കാരനായി.

ലോകകപ്പിനുശേഷം സ്റ്റോക്ക്സിലൂടെ ഇംഗ്ലണ്ടിന് അഭിമാനിക്കാന്‍ മറ്റൊരു നിമിഷംകൂടി. 2005ലെ ആഷസ് പരമ്പര പോലെ ഈ സീരിസും ഓരോ ക്രിക്കറ്റ് ആരാധകനും സമ്മാനിക്കുന്നത് പിരിമുറുക്കവും ആവേശക്കാഴ്ച്ചകളുമാണ്. ആഷസില്‍ ഇനി പോരു മൂക്കുമെന്നുറപ്പ്