SHARE

പൂനെയിൽ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ തന്റെ പന്ത് സിക്സറിന്‌ പറത്തിയതിന് പിന്നാലെ‌ ഇന്ത്യൻ താരം ഷർദുൽ താക്കൂറിന്റെ ബാറ്റ് പരിശോധിച്ച് ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്ക്സ്. ഇന്ത്യൻ ഇന്നിംഗ്സിന്റെ നാൽപ്പത്തിയഞ്ചാം ഓവറിലായിരുന്നു രസകരമായ ഈ സംഭവം. സ്റ്റോക്ക്സ് എറിഞ്ഞ‌‌ സ്ലോ ബോൾ സ്റ്റെപ്പൗട്ട് ചെയ്ത് ലോംഗ് ഓഫ് ബൗണ്ടറിക്ക് മുകളിലൂടെ താക്കൂർ സിക്സറിന് പറത്തുകയായിരുന്നു.‌ മത്സരത്തിൽ താക്കൂർ നേടിയ മൂന്നാമത്തെ സിക്സറായിരുന്നു ഇത്. ഈ സിക്സറിന് ശേഷം ഒരു ചിരിയോടെ താക്കൂറിന്റെ ബാറ്റ് സ്റ്റോക്ക്സ് വാങ്ങി നോക്കുകയായിരുന്നു. താക്കൂറും ഈ സമയം ചിരിക്കുന്നുണ്ടായിരുന്നു. രസകരമായ ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി വാലറ്റത്ത് ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാനാണ് ഷർദുൽ താക്കൂർ. ഇന്നലെ പൂനെയിൽ നടന്ന മൂന്നാം ഏകദിനത്തിലും ബാറ്റിംഗിൽ തിളങ്ങിയ താരം എട്ടാമനായി ക്രീസിലെത്തി 21 പന്തുകളിൽ 1 ബൗണ്ടറിയും 3 സിക്സറുകളുമടക്കം 30 റൺസാണ് അടിച്ചു കൂട്ടിയത്. അതേ സമയം ബാറ്റിംഗിന് പിന്നാലെ തകർപ്പൻ ബോളിംഗ് പ്രകടനവും മത്സരത്തിൽ ഷർദുൽ താക്കൂർ പുറത്തെടുത്തിരുന്നു. 10 ഓവറിൽ 67 റൺസ് വിട്ടു കൊടുത്ത് 4 നിർണായക‌ വിക്കറ്റുകളായിരുന്നു താരം ഇന്നലെ വീഴ്ത്തിയത്.