മൂന്ന് വർഷങ്ങൾക്ക് മുമ്പ് സ്വന്തം മണ്ണിൽ ഇംഗ്ലണ്ട് ലോകകിരീടമുയർത്തിയപ്പോൾ നിർണായക പ്രകടനവുമായി കൈയ്യടി നേടിയത് ബെൻ സ്റ്റോക്സ് എന്ന ഓൾറൗണ്ടറാണ്. എന്നാൽ ഈ വർഷം അദ്യം സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പക്ഷെ അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ടീമിലേക്ക് തിരിച്ചുവരവ് സ്റ്റോക്സ് ലക്ഷ്യമിടുകയാണ്.
ലോകകപ്പിന്റെ സമയമാകുമ്പോൾ എനിക്ക് തോന്നുന്നതെന്താണെന്ന് ആർക്കാണ് പറയാനാകുക എന്നാണ് സ്റ്റോക്സ് ലോകകപ്പിനെ കുറിച്ച് സംസാരിച്ചത്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജോലിഭാരം കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം ജൂലൈയിലാണ് സ്റ്റോക്സ് ഏകദിന ക്രിക്കറ്റ് മതിയാക്കിയത്.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകനാണ് സ്റ്റോക്സ്. ഏകദിനം നിർത്തിയെങ്കിലും ടി20യിൽ ഇംഗ്ലണ്ടിന്റെ ഭാഗമാണ് സ്റ്റോക്സ്. ഇക്കുറി ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടം നേടിയതിന് പിന്നാലെ സ്റ്റോക്സിനോട് ഏകദിന ടീമിലേക്ക് തിരിച്ചെത്താൻ ആവശ്യപ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതർ സമീപിച്ചതായി വാർത്തകൾ വന്നിരുന്നു.