SHARE

ബ്രിസ്റ്റോളില്‍ നടന്ന അടിപിടിക്കേസില്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ കുറ്റവിമുക്തനാക്കി കോടതി. കഴിഞ്ഞ സപ്തംബറില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ നേരിട്ട് വരികയായിരുന്നു സ്റ്റോക്‌സ്. കോടതിയില്‍ ഹാജരാവേണ്ടതിനാല്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന ലോര്‍ഡ്‌സ് ടെസ്റ്റില്‍ സ്‌റ്റോക്‌സിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും സ്‌റ്റോക്‌സിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനെതിരെ അന്വേഷണം തുടരും. ക്രിക്കറ്റ് ഡിസിപ്ലിനറി കമ്മീഷന്‍ സ്റ്റോക്‌സിനെതിരെയും സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്ന അലക്‌സ് ഹെയ്ല്‍സിനെതിരെയും നടപടിയെടുക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് ഇ സി ബി വ്യക്തമാക്കി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് സ്റ്റോക്‌സിന് അഞ്ചു ടെസ്റ്റ് മത്സരങ്ങളും ഏഴും ഏകദിനങ്ങളും നാലു ടി20 മതത്സരങ്ങളും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് കൂടി പരിഗണിച്ചിട്ടായിരിക്കും നടപടി.

അലക്‌സ് ഹെയ്ല്‍സിനാവട്ടെ, സംഭവത്തില്‍ രണ്ടു ഏകദിന മത്സരങ്ങളാണ് നഷ്ടപ്പെട്ടത്. കുറ്റവിമുക്തനായ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ നോട്ടിംഗ്ഹാമില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ സ്‌റ്റോക്‌സിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനും ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയിച്ചത്.