SHARE

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന് വീണ്ടും തിരിച്ചടി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ താരത്തിന് സാധിക്കില്ല. മദ്യപിച്ചശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിസ്റ്റളിലെ നിശാക്ലബ്ബിന് പുറത്ത് യുവാവിനെ കൈയേറ്റം ചെയ്ത കേസിന്റെ വിസ്താരം ഉള്ളതിനാലാണിത്. ഓഗസ്റ്റ് ആറിനാണ് വിസ്താരം ആരംഭിക്കുക.

വിസ്താരം ഏഴ് ദിവസമെങ്കിലും നീളുമെന്നതിനാലാണ് സ്റ്റോക്‌സ് ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഉണ്ടാകാനിടയില്ലാത്തത്. ലോഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് ഒന്‍പതിനാണ് ആരംഭിക്കുക. നിശാക്ലബ്ബിനു പുറത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് അറസ്റ്റിലായ സ്റ്റോക്‌സിനെ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ആഷസിലും തൊട്ടുപിന്നാലെ നടന്ന ഏകദിന പരമ്പരയിലും അതിനുശേഷം നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലും ഉള്‍പ്പെടുത്തിയിരുന്നില്ല.

ന്യൂസിലന്‍ഡിനെതിരേയുള്ള പരമ്പരയില്‍ തിരിച്ചുവിളിച്ചിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള സ്റ്റോക്‌സ് കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിമുമ്പാകെ മൊഴി നല്കി. അടുത്ത വിസ്താരത്തില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്ത് കളത്തിലും പുറത്തും വിവാദ നായകനായി മാറിയ സ്റ്റോക്ക്‌സിനോട് കുറച്ചുകൂടി സംയമനം പാലിക്കാന്‍ മുന്‍കാല താരങ്ങളും ആവശ്യപ്പെട്ടിരുന്നു.