SHARE

കഴിഞ്ഞ വർഷം നിശാക്ലബ്ബിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന്റെ പേരിലുള്ള കേസിൽ കോടതി വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻസ്റ്റോക്ക്സ്. ഇതേത്തുടർന്ന് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇപ്പോളിതാ നോട്ടിംഗ് ഹാമിൽ നടക്കാനിരിക്കുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റും അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ് സൂചന.

സ്റ്റോക്ക്സിനെതിരെയുള്ള കോടതി വിചാരണ മൂന്നാം ടെസ്റ്റിന് മുൻപ് അവസാനിക്കുമെങ്കിലും സംഭവത്തിന്മേൽ അദ്ദേഹത്തിനെതിരെ ശിക്ഷാനടപടികളും മറ്റും സ്വീകരിക്കുകയാണെങ്കിൽ സ്റ്റോക്ക്സിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകിയേക്കും. മൂന്നാം ടെസ്റ്റിനുള്ള ടീമിൽ സ്റ്റോക്ക്സിനെ ഉൾപ്പെടുത്തിയതിന് ശേഷം അദ്ദേഹത്തിന് കളിക്കാനാവാത്ത സ്ഥിതി വരുകയാണെങ്കിൽ ഇംഗ്ലണ്ട് ടീമിന് അത് വലിയ തലവേദനയായേക്കും. ഇത് കൊണ്ടു തന്നെ സ്റ്റോക്ക്സിനെ മൂന്നാം ടെസ്റ്റിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തിൽ ഇംഗ്ലണ്ട് സെലക്ടർമാർ തലപുകയ്ക്കുകയാണ്.

നേരത്തെ എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു സ്റ്റോക്ക്സ് കാഴ്ച വെച്ചത്. മത്സരത്തിന്റെ രണ്ടാമിന്നിംഗ്സിൽ 4 വിക്കറ്റെടുത്ത സ്റ്റോക്ക്സിന്റെ കൂടി മികവിലായിരുന്നു മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കിയത്.