SHARE

ഡെന്മാർക്ക് സൂപ്പർ താരം നിക്ലാസ് ബെൻഡ്നർക്ക് റഷ്യയിൽ നടക്കുന്ന ലോകകപ്പ് നഷ്ടമാകും. പരിക്കിനെത്തുടർന്ന് ചികിത്സയിലായ ബെൻഡ്നറെ ലോകകപ്പിനുള്ള അന്തിമ ടീമിൽ നിന്ന് പരിശീലകൻ എജ് ഹരേയ്ഡ് ഒഴിവാക്കി.

നോർവീജയൻ ക്ലബ് റോസൻബർ​ഗിന്റെ താരമായ ബെൻഡ്നറ്‍ക്ക് കഴിഞ്ഞയാഴ്ച ലീ​ഗ് മത്സരത്തിനിടെയാണ് പരിക്കേറ്റത്. എന്നാൽ പരിക്കേറ്റതിന് ശേഷം അതേദിവസം തന്നെ പരിശീലകൻ പ്രഖ്യാപിച്ച സാധ്യതാ ടീമിൽ മുൻ ആഴ്സനൽ താരമായ ബെൻഡ്നർക്ക് ഇടമുണ്ടായിരുന്നു. പരിക്ക് ലോകകപ്പിന് മുമ്പ് ഭേദമാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ എന്നാൽ പിന്നീടാണ്, ശാരീരികക്ഷമത വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് വ്യക്തമായത്. ഇതോടെയാണ് അന്തിമ ടീമിൽ നിന്ന് ബെൻഡ്നർ പുറത്തായത്.

30-കാരനായ ബെൻഡ്നർ ഡെന്മാർക്ക് നിരയിൽ നിന്ന് ലോകമറിയുന്ന താരങ്ങളിലൊരാളാണ്. ലോകകപ്പിലെ ആദ്യ ​ഗ്രൂപ്പ് മത്സരത്തിന് മുമ്പായി ബെന്ഡ്നർക്ക് ശാരീരികക്ഷമത വീണ്ടെടുക്കാനാകില്ല, അതിനാലാണ് ഒഴിവാക്കുന്നത്. കടുത്ത് ​ഗ്രൂപ്പാണ്, എതിരാളികളും കടുപ്പം, ആദ്യ മത്സരമാണ് പ്രധാനം, പരിശീലകൻ പറഞ്ഞു.

ഫ്രാൻസ്, പെറു, ഓസ്ട്രേലിയ എന്നിവർക്കൊപ്പം ​ഗ്രൂപ്പ് സിയിലാണ് ഡെന്മാർക്ക് കളിക്കുന്നത്. ടോട്ടനത്തിന്റെ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ, ലെസ്റ്റർ ​ഗോളി കാസ്പർ ഷിമൈക്കൽ എന്നിവരാണ് ഡാനിഷ് നിരയിലെ പെരുമയേറിയ താരങ്ങൾ