SHARE

പോർച്ചു​ഗീസ് ലീ​ഗിലെ നിലവിലെ രണ്ടാം സ്ഥാനക്കാരാണ് ബെൻഫിക്ക. തുടർച്ചയായി നാല് സീസണുകൾ കിരീടം ചൂടിയ ബെൻഫിക്ക കഴിഞ്ഞ വർഷം പോർട്ടോയ്ക്ക് മുന്നിൽ കീഴടങ്ങി. കൈമോശം വന്ന കിരീടം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണിക്കുറി ബെൻഫിക്ക. ഇതിനിടയിൽ 55 വർഷം മുമ്പുള്ള സ്വന്തം റെക്കോർഡിനൊപ്പമത്തി ബെൻഫിക്ക

ഞായറാഴ്ച പോർച്ചു​ഗീസ് പ്രിമേറ ലീ​ഗിൽ നാഷണലിനെതിരെ ബെൻഫിക്ക ജയിച്ചത് എതിരില്ലാത്ത പത്ത് ​ഗോളിനാണ്. 1964-ന് ശേഷം ആദ്യമായാണ് പ്രിമേറ ലീ​ഗിൽ ഒരു ടീം പത്ത് ​ഗോൾ എന്ന മാന്ത്രികസംഖ്യ നേടുന്നത്. 64-ൽ സെയിക്സെലിനെതിരെ ബെൻഫിക്ക തന്നെയാണ് പത്ത് ​ഗോൾ നേടി വിജയിക്കുന്നത്. അതിലേറെ ശ്രദ്ധേയമായ കാര്യം ബെൻഫിക്കയ്ക്ക് വേണ്ടി കളിക്കിനിറങ്ങിയ 14 പേരിൽ(പകരക്കാരടക്കം) എട്ട് താരങ്ങളും ​ഗോൾ നേടി എന്നതാണ്.

മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ പ്രതിരോധതാരം അലക്സ് ​ഗ്രിമാൽഡോയാണ് ​ഗോൾവേട്ട തുടങ്ങിയത്. പിന്നാലെ ആദ്യ പകുതിയിൽ തന്നെ രണ്ട് തവണ കൂടി ബെൻഫിക്ക വലകുലുക്കി. സ്വിസ് സൂപ്പർ സ്ട്രൈക്കർ ഹാരിസ് സെഫെറോവിച്ചാണ് രണ്ട് ​ഗോളുകളും നേടിയത്. രണ്ടാം പകുതിയിൽ ഏഴ് ​ഗോളുകളാണ് ബെൻഫിക്ക നേടിയത്.

മധ്യനിരതാരങ്ങളായ പിസി, ജാവോ ഫെലിക്സ്, റാഫ സിൽവ, മുന്നേറ്റനിരതാരം ജോനാസ്, പ്രതിരോധതാരങ്ങളായ റൂബൻ ഡയസ്, ഫ്രാൻസിസ്കോ ഫെരേയ്ര എന്നിവരാണ് ​ഗോളുകൾ അടിച്ചത്.ഇതൽ തന്നെ ജോനാസ് ഇരട്ട​ഗോളും നേടി.