SHARE

മുംബൈയെ അവരുടെ തട്ടകത്തില്‍ പോയി തച്ചുതകര്‍ത്ത് ബെംഗളൂരു എഫ്‌സി വീണ്ടും ഐഎസ്എല്‍ പോയിന്റ് നിലയില്‍ മുന്നിലെത്തി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളും (43, 52), മിക്കുവിന്റെ (63) ഗോളുമാണ് ബെംഗളൂരിവിന്റെ 3-1 ജയത്തിലെ പ്രത്യേകത. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റായി നീലപ്പടയ്ക്ക്. മുംബൈ സിറ്റി 14 പോയിന്റുമായി അഞ്ചാംസ്ഥാനത്ത് തുടരുന്നു.

മുംബൈ ഫുട്‌ബോള്‍ അരീനയില്‍ സ്വന്തം ടീമിന്റെ ജയം പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് തലയ്ക്കിടി സമ്മാനിച്ച് 43മത്തെ മിനിറ്റിലാണ് ബെംഗളൂരു ആദ്യ ഗോള്‍ നേടുന്നത്. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഈ ഗോള്‍. ബല്‍വന്ദ് സിംഗ് ഛേത്രിയെ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഛേത്രിയ്ക്ക് പിഴച്ചില്ല. ബെംഗളൂരു 1-0ത്തിന് മുന്നില്‍. ഒരു ഗോള്‍ പിന്നലായതോടെ തിരിച്ചടിക്കാന്‍ മുംബൈ ശ്രമം തുടങ്ങിയെങ്കിലും രണ്ടാംപകുതി തുടങ്ങി ഏഴു മിനിറ്റിനുള്ളില്‍ ഛേത്രി വീണ്ടും ആതിഥേയരെ ഞെട്ടിച്ചു.

ഉദാന്ത സിംഗിന്റെ പാസില്‍ നിന്നായിരുന്നു 52മത്തെ മിനിറ്റിലെ ഗോള്‍. രണ്ടു ഗോളിന് പിന്നിലായതോടെ മുംബൈ തളര്‍ന്നു. മിക്കുവിലൂടെ (63) ബെംഗളൂരു മൂന്നാമത്തെ അടിയും നല്കിയതോടെ ഗ്യാലറികള്‍ നിശബ്ദമായി. എഴുപത്താറാം മിനിറ്റില്‍ ബല്‍വന്ദ് സിംഗിന്റെ പാസില്‍ ലിയോ കോസ്റ്റ മുംബൈയ്ക്കായി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും കളി ജയിക്കാന്‍ ഇതുപോരായിരുന്നു. മികച്ച ഫോമിലുള്ള ബെംഗളൂരു പ്ലേഓഫിലെത്തുമെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പുള്ളതിനാല്‍ മുംബൈ തോറ്റത് കേരളം ഉള്‍പ്പെടെ പിന്നിലുള്ള ടീമുകള്‍ക്ക് ഗുണംചെയ്യും.