SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ബെം​ഗളുരു എഫ്.സിയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനോടും തോറ്റതോടെ ബെം​ഗളുരു പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്താണ്.

ബ്ലാസ്റ്റേഴ്സിനോട് ഒരു ​ഗോൾ ലീഡ് നേടിയ ശേഷമാണ് ബെം​ഗളുരു തോൽവി ഏറ്റുവാങ്ങിയത്. യുവതാരം പുയിറ്റിയ നേടിയ സമനില​ഗോളാണ് ബ്ലാസ്റ്റേഴ്സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇം​ഗ്ലീഷ് താരം ​ഗാരി ഹൂപ്പറിന്റെ ഷോട്ട് നെഞ്ചിൽ കൊണ്ട് ബെം​ഗളുരു ​ഗോളി ​ഗുർപ്രീത് സിങ് സന്ധു നിലത്തുവീണു. ഈ അവസരം മുതലെടുത്താണ് ബ്ലാസ്റ്റേഴ്സിന്റെ സമനില​ഗോൾ. മത്സരശേഷം ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ, ആ സമയം റെഫറി മത്സരം നിർത്തിവയ്ക്കുമെന്നാണ് താൻ കരുതിയതെന്നാണ് ബെം​ഗളുരു പരിശീലകൻ നൗഷാദ് മൂസ പറഞ്ഞത്.

ഹൂപ്പറിന്റെ ഷോട്ട് നെഞ്ചിൽ കൊണ്ട് ​ഗുപ്‍പ്രീത് നിലത്തുവീണുകിടക്കുകയായിരുന്നു, അതിനാൽ തന്നെ റെഫറി അപ്പോൾ വിസിൽ മുഴക്കി മത്സരം നിർത്തിവയ്ക്കുമെന്നാണ് ഞങ്ങൾ കരുതിയത്, അതുണ്ടായില്ല, അതേസമയം തന്നെ ഞങ്ങളുടെ പ്രതിരോധനിരക്കാർക്കും പിഴച്ചു, അവർക്ക് ആ പന്ത് ക്ലിയർ ചെയ്തുവിടാമായിരുന്നു. മൂസ പറഞ്ഞു.