ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളുരു എഫ്സി സ്പാനിഷ് താരം ജാവി ഹെർണാണ്ടെസിനെ ഒപ്പം കൂട്ടി. മിഡ്ഫീൽഡറാണ് 33-കാരനായ ജാവി. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പന്നരിലൊരാളാണ് ജാവി. 2019-20 സീസണിൽ എടികെയിലൂടെ താരം ഇന്ത്യയിലേക്കെത്തുന്നത്. ആദ്യ സീസണിൽ തന്നെ ടീമിലെ ഐഎസ്എൽ കിരീടജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു ജാവി. അന്ന് ചെന്നൈയിനെതിരായ ഫൈനലിൽ രണ്ട് ഗോളും ജാവി നേടിയിരുന്നു. തുടർന്ന് എടികെ മോഹൻ ബഗാനുമായി ലയിച്ചപ്പോഴും ജാവി ക്ലബിൽ തുടർന്നു.
കഴിഞ്ഞ ഐഎസ്എല്ലിൽ ഒഡിഷയ്ക്ക് വേണ്ടിയാണ് ജാവി കളിച്ചത്. ഒഡിഷയ്ക്കായി 19 മത്സരങ്ങൾ കളിച്ച ജാവി ആറ് ഗോളുകൾ നേടി. ഒഡിഷ സീസണിൽ നിരാശപ്പെടുത്തിയെങ്കിലും ജാവിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. എന്നാൽ സീസൺ അവാസനിച്ചതിന് പിന്നാലെ തന്നെ ജാവിയെ ഒപ്പം കൂട്ടാനുള്ള കരുക്കൾ ബെംഗളുരു നീക്കുകയായിരുന്നു.