SHARE

ഏ.എഫ്.സി കപ്പ് പ്ലേ ഓഫ് പോരാട്ടത്തിനായി മാലിദ്വീപിലെത്തിയ ബെം​ഗളുരു എഫ്.സി വിവാദത്തിൽ. ക്ലബിലെ കളിക്കാരടക്കം മൂന്ന് പേർ കോവിഡ് ച‌ടങ്ങൾ ലംഘിച്ചതാണ് വലിയ വിവാദമായിരിക്കുന്നത്. ഇതിനുപിന്നാലെ ഏ.എഫ്.സി കപ്പ് ​ഗ്രൂപ്പ് ഡി മത്സരങ്ങൾ മാറ്റിവച്ചു.

ഈ ആഴ്ച മുതലാണ് മത്സരങ്ങൾ തുടങ്ങാനിരുന്നത്. ഇതിനുവേണ്ടിയാണ് ബം​ഗളുരു എഫ്.സി കഴിഞ്ഞ ദിവസം അവിടെയെത്തിയത്. എന്നാൽ ഇതിനിടെയാണ് ടീമം​ഗങ്ങളിൽ ചിലർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്ന് മാലിദ്വീപ് കായികമന്ത്രി തന്നെ ട്വിറ്ററിലൂടെ ആരോപിച്ചത്. ഒപ്പം ക്ലബ് രാജ്യം വിടണമെന്നും, ഇനി മത്സരങ്ങൾ നടത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുപിന്നാലെ മാലിദ്വീപിലേക്ക് മത്സരങ്ങൾക്കായി പോകാനിരുന്ന എ.ടി.കെ മോഹൻ ബ​ഗാനോട് യാത്രാ ഒരുക്കങ്ങൾ നിർത്തിവയ്ക്കാൻ ഏ.എഫ്.സി ആവശ്യപ്പെട്ടു. പിന്നാലെ ഏ.എഫ്.സി തന്നെ ​ഗ്രൂപ്പ് ഡി മത്സരങ്ങൾ മാലിദ്വീപിൽ നടക്കില്ലെന്ന് സ്ഥിരീകരിച്ചു,

ബെംഘളുരു എഫ്.സി താരങ്ങൾ ഏത് തരത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്ന് വ്യക്തമല്ല. എന്നാൽ മത്സരങ്ങൾക്കും പരിശീലനത്തിനുമല്ലാതെ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിക്കപ്പെട്ടിരുന്നിട്ടും ചില താരങ്ങളെ ന​ഗരത്തിലെ തെരുവുകളിൽ കണ്ടതോടെയാണ് നടപടിയെന്നാണ് സൂചന. അതേസമയം തന്നെ ഇക്കാര്യത്തിൽ ബെം​ഗളുരു എഫ്.സി ഉടമ പാർഥ് ജിൻഡാൽ മാപ്പ് പറഞ്ഞു.