SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സും ബെം​ഗളുരു എഫ്സിയും തമ്മിലുള്ളത്. ബെം​ഗളുരു ഐഎസ്എല്ലിലെത്തിയശേഷമുള്ള ആദ്യ സീസണുകളിൽ അവർക്കായിരുന്നു ബ്ലാസ്റ്റേഴ്സിന് മേൽ ആധിപത്യം. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളായി ബെം​ഗളുരുവിനോടുള്ള നേർക്കുനേർ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പം നിൽക്കുന്നു.

ഈ സീസണിലെ ആദ്യ ബെം​ഗളുരു-ബ്ലാസ്റ്റേഴ്സ് പോരാട്ടം നാളെ അരങ്ങേറും. ആദ്യ പോരാട്ടം തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ സമനിലയിലൂടെ നേടിയ ആത്മവിശ്വാസവുമായാണ് ബെം​ഗളുരുവിനെ നേരിടാനെത്തുന്നത്. ബെം​ഗളുരുവാകെട്ടെ ആദ്യ പോരാട്ടത്തിൽ ജയിച്ചെങ്കിലും കഴിഞ്ഞ ദിവസം ഒഡിഷയോട് ദയനീയമായി തോറ്റിരുന്നു. നാളെ ബ്ലാസ്റ്റേഴ്സിനെ നേരിടുമ്പോഴും ബെം​ഗളുരു പരിശീലകൻ മാർക്കോ പെസായോളി കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം അർഹിച്ചിരുന്നുവെന്നാണ് ഞാൻ കരുതുന്നത്, അതുകൊണ്ട് തന്നെ നാളെ കടുപ്പമേറിയ ഒരു മത്സരമാണ് ഞാൻ പ്രതീക്ഷിക്കുന്നത്, 4-4-2 അല്ലെങ്കിൽ 4-2-3-1 ശൈലിയിൽ നന്നായി പ്രസ് ചെയ്ത് കളിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക, ഡ്യുവൽസിൽ വളരെ മികച്ചനിൽക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ്, അതുകൊണ്ട് തന്നെ നാളത്തെ മത്സരത്തിൽ അക്കാര്യത്തിൽ ഞങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, പെസായോളി പറയുന്നു.