SHARE

ത‌ങ്ങളുടെ മുൻ താരമായിരുന്ന സ്പാനിഷ് ഫോർവേഡ് സിസ്കോ ഹെർണാണ്ടസിനെ ടീമിലേക്ക് തിരികെയെത്തിക്കാൻ ഐ എസ് എൽ ക്ലബ്ബായ ബെംഗളൂരു എഫ് സി ശ്രമങ്ങൾ ആരംഭിച്ചതായി സൂചന. 2018-19 ൽ ബെംഗളൂരു ഐ എസ് എൽ കിരീടമുയർത്തിയ സീസണിൽ അവർക്കൊപ്പമുണ്ടായിരുന്ന ഈ സ്പാനിഷ് താരത്തെ ടീമിലേക്ക് മടക്കിക്കൊണ്ടു വരാൻ ക്ലബ്ബ് നീക്കങ്ങൾ ആരംഭിച്ചതായി ഖേൽ നൗവാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2018-19 സീസണിൽ ബെംഗളൂരു എഫ് സിക്കായി 21 മത്സരങ്ങൾ (ഒരെണ്ണം സൂപ്പർ കപ്പിൽ) കളിച്ച സിസ്കോ ഹെർണാണ്ടസ് ഒരു ഗോൾ നേടിയതിനൊപ്പം അഞ്ച് ഗോളുകൾക്ക് വഴിയുമൊരുക്കിയിരുന്നു. തൊട്ടടുത്ത സീസണിൽ ഒഡീഷ എഫ് സിയിലേക്ക് ചേക്കേറിയ ഈ മുപ്പത്തിയൊന്നുകാരൻ അഞ്ച് ഗോളുകളും, രണ്ട് അസിസ്റ്റുകളുമാണ് അവർക്കൊപ്പം നേടിയത്. മികച്ച പ്രകടനം കാഴ്ച വെച്ച താരവുമായി 2020-21 സീസണ് മുൻപ് ഒഡീഷ വേർപിരിയുകയായിരുന്നു.

നിലവിൽ ക്ലബ്ബുകളൊന്നുമില്ലാതെ നിൽക്കുന്ന സിസ്കോ ഹെർണാണ്ടസ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരിച്ചെത്തുമെന്നുള്ള സൂചനകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നുണ്ട്‌. ഈ സീസണിൽ ദയനീയ പ്രകടനത്തിലൂടെ കടന്ന് പോകുന്ന ബെംഗളൂരുവിന് സിസ്കോയുടെ വരവ് കരുത്താകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ താരത്തിനായി ഐ എസ് എല്ലിലെ മറ്റൊരു ക്ലബ്ബും രംഗത്തുണ്ടെന്ന് റിപ്പോർട്ടുകളുള്ളതിനാൽ അദ്ദേഹത്തെ ടീമിലെത്തിക്കുക ബെംഗളൂരുവിന് അത്രയെളുപ്പമാകില്ലെന്നാണ് സൂചന.