SHARE

ഐ എസ് എല്‍ കിരീടം കൈവിട്ടു കളഞ്ഞെങ്കില്‍ പ്രഥമ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ബെംഗളുരു എഫ് സി ഇന്ത്യന്‍ ഫുട്‌ബോളിലെ തങ്ങളുടെ കരുത്ത് കാട്ടിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷവും ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രധാനപ്പെട്ട ഒരു കിരീടമെങ്കിലും ബെംഗളുരു കയ്യിലാക്കിയിട്ടുണ്ട്. 2013-14 അവരുടെ ആദ്യ സീസണില്‍ തന്നെ ഐ ലീഗ് കിരീടം, 2014-15 സീസണില്‍ ഫെഡറേഷന്‍ കപ്പ്, 2015-16ല്‍ ഐ ലീഗ്, 2016-17ല്‍ ഫെഡറേഷന്‍ കപ്പ്, 2017-18ല്‍ സൂപ്പര്‍ കപ്പ്.. ബെംഗളുരുവിന്റെ കിരീടനേട്ടം ഇവിടെയെത്തി നില്‍ക്കുന്നു.

അതിനിടെ 2016 എ എഫ് സി കപ്പില്‍ റണ്ണേഴ്‌സ് അപ്പായതും ബെംഗളുരുവിനെ സംബന്ധിച്ച് ശ്രദ്ധേയമായ നേട്ടമാണ്. ഫൈനലില്‍ അന്ന് ഇറാഖി ക്ലബ് അല്‍ ഖുവ അല്‍ ജാവിയയോട് ഒരു ഗോളിന് മാത്രമാണ് ബെംഗളുരു പരാജയപ്പെട്ടത്. 2017-18 സീസണില്‍ ഐ ലീഗില്‍ നിന്ന് ഐ എസ് എല്ലിലെത്തിയ ബെംഗളുരു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ 18 മത്സരങ്ങളില്‍ നിന്ന് 13 വിജയങ്ങളുമായി അവര്‍ ആദ്യ ഘട്ടത്തില്‍ മുന്നിലെത്തി. എന്നാല്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ് സിയോട് 3-2ന് പരാജയപ്പെട്ടു.

അതേ ചെന്നൈയിന്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ സൂപ്പര്‍ കപ്പിലാണ് ബെംഗളുരു ഇപ്പോൾ കരുത്തോടെ കിരീടം ചൂടിയിരിക്കുന്നത്. അതും ഐ ലിഗ് വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തിട്ടാണ് കിരീടനേട്ടം. സൂപ്പര്‍ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഗോകുലം കേരള എഫ് സിയെയും, ക്വാര്‍ട്ടറില്‍ നെറോക്ക എഫ് സിയെയും സെമിഫൈനലില്‍ മോഹന്‍ ബഗാനെയുമാണ് ബെംഗളുരു തോല്‍പ്പിച്ചത്.