SHARE

സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി മിനർവ്വ പഞ്ചാബ്, റിയ‌ൽ കാശ്മീരിനെതിരെ ശ്രീനഗറിൽ നടക്കാനിരുന്ന ഐലീഗ് മത്സരത്തിൽ നിന്ന്‌ പി‌ന്മാറിയത് വലിയ വിവാദമാണ് ഇന്ത്യൻ ഫുട്ബോളിൽ സൃഷ്ടിച്ചിരിക്കുന്നത്. ഈസ്റ്റ് ബെംഗാളടക്കമുള്ള ടീമുകളും കാശ്മീരിലെ തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്ന് എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടെന്ന് വാർത്തകളുണ്ട്. ഈ സമയം റിയൽ കാശ്മീരിനും, കാശ്മീരിലെ ജനങ്ങൾക്കും വലിയ ആവേശവും ആശ്വാസവും നൽകുന്ന വാർത്തയായി ബെംഗളൂരു എഫ് സിയെത്തി.

റിയൽ കാശ്മീരിനെതിരെ ശ്രീനഗറിൽ ഒരു പ്രദർശന മത്സരം കളിക്കാൻ ബെംഗളൂരു എഫ് സിക്ക് താല്പര്യമുണ്ടെന്ന് ടീമിന്റെ ഉടമ പാർത്ത് ജിൻഡാലാണ് ആദ്യം വ്യക്തമാക്കിയത്. ബെംഗളൂരുവിന്റെ നീക്കത്തിന് പിന്നാലെ മാർച്ചിൽ മത്സരം കളിക്കാനുള്ള ക്ഷണം റിയൽ കാശ്മീർ, ഐ എസ് എൽ ക്ലബ്ബിന് മുന്നോട്ടു വെച്ചു.

നേരത്തെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് മിനർവ്വ പഞ്ചാബ്, ശ്രീനഗറിൽനിന്നുള്ള തങ്ങളുടെ മത്സരം മാറ്റണമെന്ന് എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൽ നിന്നോ, ഇന്ത്യൻ ആർമിയിൽ നിന്നോ സുരക്ഷ നൽകാമെന്ന് എഴുതി നൽകിയാൽ മാത്രമേ തങ്ങൾ കാശ്മീരിൽ കളിക്കാനിറങ്ങൂ എന്നായിരുന്നു മിനർവ്വ പഞ്ചാബിന്റെ നിലപാട്. ഇത് നടക്കാതിരുന്നതോടെ റിയൽ‌ കാശ്മീരുമായി നടക്കാനിരുന്ന മത്സരത്തിൽ നി‌‌ന്ന്‌ മിനർവ്വ പിന്മാറുകയായിരുന്നു‌.