SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് മുന്നോടിയായി ഇറാൻ താരത്തെ കൂടി ടീമിലെത്തിച്ച് ബെം​ഗളുരു എഫ്.സി. മധ്യനിരതാരം ഇമാൻ ബസാഫയാണ് ടീമിനൊപ്പം ചേരുന്നത്. ഒരു വർഷത്തെ കരാറിലാണ് ഇമാൻ ടീമിനൊപ്പം ചേരുന്നത്.

29-കാരനായ ഇമാൻ ഇറാനിലെ ഒന്നാം ഡിവിഷൻ രണ്ടാം ഡിവിഷനുകളിൽ ദീർഘകാലം കളിച്ച് പരിചയമുള്ള താരമാണ്. ഇറാന്റെ വിവിധ യൂത്ത് ടീമുകൾക്കായും ഈ മിഡ്ഫീൽഡർ കളിച്ചിട്ടുണ്ട്. ബെം​ഗളുരുവുമായി കരാറിലെത്തിയതോടെ കരിയറിൽ ആദ്യമാണ് ഇമാൻ ഇറാന് പുറത്തേക്ക് ചേക്കേറുകയാണ്.

ഇറാൻ താരമായ ഇമാൻ ബെം​ഗളുരുവിന്റെ ഏഷ്യൻ ക്വോട്ട താരമാണ്. എന്നാൽ ഓസ്ട്രേലിയൻ ഡിഫൻസീവ് മിഡ്ഫീൽഡർ എറിക് പാർത്താലു ഇപ്പോഴും ബെം​ഗളുരുവുമായി കരാറിലുള്ള താരമാണ്. ക്ലബുമായുള്ള ചില പ്രശ്നങ്ങളെത്തുടർന്ന് പാർത്താലുവിന്റെ കരാർ റദ്ദാക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ ഇതിനെതിരെ രം​ഗത്തെത്തിയ താരം ഇപ്പോൾ കർണാടകയിലെ ബെല്ലാരിയിൽ പരിശീലനം നടത്തുന്നുണ്ട്.

ഇപ്പോൾ ഇമാനുമായി ബെം​ഗളുരു കരാറിലെത്തിയതോടെ പാർത്താലു ക്ലബിൽ തുടരുമോയെന്ന കാര്യം സംശയമാണ്. ആകെ ആറ് വിദേശതാരങ്ങളെ മാത്രമെ ടീമുകൾക്ക് ഐഎസ്എല്ലിനായി രജിസ്റ്റർ ചെയ്യാനാകു. പാർത്താലുവടക്കം ഇപ്പോൾ ആകെ ഏഴ് വിദേശികൾക്ക് ക്ലബായി കരാറുണ്ട്.

പാർത്താലു തുടരുമോയെന്ന കാര്യത്തിൽ ക്ലബും ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ബെം​ഗളുരു വിടാതെ തുടരുന്ന സാഹചര്യമുണ്ടായാൽ ഒന്നുകിൽ പാർത്താലുവിനെ ക്ലബ് ഐഎസ്എല്ലിന് രജിസ്റ്റർ ചെയ്യാതെ ടീമിനൊപ്പം തുടരാൻ അനുവദിക്കും. മറ്റേതെങ്കിലും താരങ്ങൾക്ക് പരുക്കേൽക്കുയോ മറ്റോ ചെയ്താൽ പാർത്താലുവിനെ പകരം രജിസ്റ്റർ ചെയ്യും. അതല്ലെങ്കിൽ നിലവിലെ സ്ക്വാഡിൽ നിന്ന് ഏതെങ്കിലും താരങ്ങളെ മാറ്റി പകരം പാർത്താലുവിനെ ഉൾപ്പെടുത്താം. എന്നാൽ അതിനുള്ള സാധ്യത വളരെ കുറവാണ്.