ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ബെംഗളുരു എഫ്സിയിൽ വൻ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. ഇക്കുറി കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ തുടർജയങ്ങളോടെ പ്ലേഓഫ് പ്രതീക്ഷ നിലനിർത്തുകയാണ് ബെംഗളുരു. എങ്കിലും അടുത്ത സീസണിൽ വൻ മാറ്റത്തിനാണ് സാധ്യത തെളിയുന്നത്.
ഖേൽനൗവിന്റെ റിപ്പോർട്ട് പ്രകാരം മുൻ പരിശീലകൻ ആൽബർട്ട് റോക്കയെ ബെംഗളുരു ടെക്നിക്കൽ ഡയറക്ടറായി നിയമിക്കും. എന്നാൽ ഇതിനുപുറമെ ചില നീക്കങ്ങൾ കൂടി ബെംഗളുരുവിന്റെ മനസിലുണ്ട്. ഇതിലൊന്ന് ഹൈദരബാദ് പരിശീലകൻ മോനോലോ മാർക്വെസിനെ റാഞ്ചുകയെന്നതാണ്. ഹൈദരബാദിനൊപ്പമുള്ള മാർക്വെസിന്റെ കരാർ ഈ സീസണിൽ അവസാനിക്കും. ഇതോടെ മാർക്വെസിനെ റാഞ്ചാനാണ് ബെംഗളുരുവിന്റെ ശ്രമം. മാർക്വെസുമായുള്ള ബെംഗളുരുവിന്റെ ചർച്ചകൾ മുന്നേറിയെന്നും ഇനി പരിശീലകന്റെ ഭാഗത്ത് നിന്ന് പച്ചക്കൊടി കാണിക്കേണ്ട കാര്യമേയുള്ളുവെന്നുമാണ് ഖേൽനൗവിന്റെ റിപ്പോർട്ട്.
ഹൈദരബാദിന്റെ പരിശീലകന് പുറമെ ഇന്ത്യൻ സൂപ്പർതാരം ഹളിചരൻ നാർസരിയേയും ബെംഗളുരു നോട്ടമിടുന്നുണ്ട്. ഈ സീസണിൽ ഹൈദരബാദിനായി തകർപ്പൻ പ്രകടനമാണ് ഈ വിങ്ങർ നടത്തുന്നത്. 13 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും അഞ്ച് അസിസ്റ്റും നാർസരി സ്വന്തം പേരിൽ കുറിച്ചു. എന്നാൽ നാർസരി മൂന്ന് വർഷത്തെ കരാറിൽ അടുത്ത സീസണിൽ ബെംഗളുരുവിന്റെ ഭാഗമാകുമെന്നാണ് ഖേൽനൗ റിപ്പോർട്ട് ചെയ്യുന്നത്.