SHARE

ഈ സീസൺ ഐ എസ് എല്ലിൽ തങ്ങളുടെ ആദ്യ ജയം കുറിച്ച് ബെംഗളൂരു എഫ് സി. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയനെയാണ് അവർ തകർത്തത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. പാർട്ടാലു, സുനിൽ ഛേത്രി, സെംബോയ് എന്നിവരാണ് വിജയികൾക്കായി ഗോളുകൾ നേടിയത്.

ഈ സീസണിൽ ബെംഗളൂരു കളിച്ച ഏറ്റവും മികച്ച ആദ്യ പകുതി യായിരുന്നു ചെന്നൈയനെതിരായ മത്സരത്തിലേത്. പതിനാലാം മിനുറ്റിൽ പാർട്ടാലുവിന്റെ ഗോളിൽ അവർ മത്സരത്തിൽ മുന്നിലെത്തി. ആധിപത്യത്തോടെ കളിച്ച് കൊണ്ടിരുന്ന അവർ ഇരുപത്തിയഞ്ചാം മിനുറ്റിൽ ലീഡുയർത്തി. റാഫേൽ അഗസ്റ്റോയുടെ അസിസ്റ്റിൽ നിന്ന് നായകൻ സുനിൽ ഛേത്രി യായിരുന്നു ഈ ഗോൾ നേടിയത്. ആദ്യ പകുതി പിന്നിടുമ്പോൾ ബെംഗളൂരു 2 ഗോളിന് മുന്നിട്ട് നിന്നു.

രണ്ടാം പകുതിയിലും ആതിഥേയരുടെ ആധിപത്യം തന്നെയായിരുന്നു കളത്തിൽ കണ്ടത്. എൺപത്തിനാലാം മിനുറ്റിൽ സെംബോയ് നേടിയ ഗോളിൽ ബെംഗളൂരു മത്സരത്തിൽ വിജയമുറപ്പിക്കുകയും ചെയ്തു. വിജയത്തോടെ 4 മത്സരങ്ങളിൽ 6 പോയിന്റായ ബെംഗളൂരു, പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. 4 മത്സരങ്ങളിൽ ഒരു പോയിന്റ് മാത്രമുള്ള ചെന്നൈയൻ ഏറ്റവും അവസാന സ്ഥാനത്താണ്.