SHARE

സൗത്ത് ഇന്ത്യന്‍ ഡെര്‍ബിയില്‍ വിജയിച്ച് ചെന്നെയിന്‍. ഒരു ഡെര്‍ബിയുടെ വീറും വാശിയുമെല്ലാം നിറഞ്ഞ് നിന്നതായിരുന്നു ബെംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ചെന്നൈയിന്‍ – ബെംഗളുരു മത്സരം. കളിയുടെ തുടക്കത്തില്‍ തന്നെ ഇരുടീമുകളും അക്രമിച്ച് കളിക്കുകയായിരുന്നു. റാഫേല്‍ ഓഗസ്‌റ്റോയും, ജെറിയും, ജെജെയും ചെന്നൈയിന്‍ മുന്നേറ്റങ്ങളെ നയിച്ചപ്പോള്‍ എഡു ഗാര്‍സിയയും, മിക്കുവും, ചേത്രിയും ബെംഗളുരുവിന് വേണ്ടി മികച്ച മുന്നേറ്റം നടത്തി.

ചെന്നൈയിന്റെ സ്പാനിഷ് താരം ഡീഗോ കാല്‍ഡ്രോണ്‍ ഒരേ സമയം ബെംഗളുരു മുന്നേറ്റനിരക്കും പ്രതിരോധനിരക്കും ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്നു. അഞ്ചാം മിനുട്ടില്‍ ചെന്നൈയിന്‍ താരങ്ങള്‍ നടത്തിയ മികച്ചൊരു മുന്നേറ്റത്തിന്റെ ഭാഗമായി കളിയിലെ ആദ്യഗോള്‍ ചെന്നൈയിന്‍ നേടി. ബോക്‌സിലേക്ക് ഓടിക്കയറിയ കാല്‍ഡ്രോണില്‍ നിന്ന് പന്ത് നഷ്ടപ്പെട്ടെങ്കിലും പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ബെംഗളുരു ഡിഫന്‍സ് പരാജയപ്പെടുകയായിരുന്നു. ബോക്‌സില്‍ തക്കംപാര്‍ത്ത് നിന്ന ജെജെ പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റി. സസ്‌പെന്‍ഷന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഗുര്‍വീന്ദര്‍ സന്ധുവിന് പന്ത് കയ്യിലാക്കാന്‍ സാധിച്ചതുമില്ല. ബെംഗളുരു താരങ്ങള്‍ സമനിലഗോളിനായി പൊരുതികൊണ്ടേയിരുന്നു. എന്നാല്‍ ആ മുന്നറ്റങ്ങളെയെല്ലാം സെറീനോയുടെ നേതൃത്വത്തില്‍ ചെന്നൈയിന്‍ ചെറുക്കുകയായിരുന്നു.

ആവേശം കൂടുംതോറും കളി പരുക്കനായി മാറുകയും ചെയ്തു. 13ാം മിനുട്ടില്‍ ചെന്നൈയിന്റെ നൈജീരിയന്‍ താരം ജൂഡിനെ ഫൗള്‍ ചെയ്തതിന് ബെംഗളുരു താരം കബ്ര കളിയിലെ ആദ്യമഞ്ഞക്കാര്‍ഡ് കണ്ടു. 18ാം മിനുട്ടില്‍ എഡു ഗാര്‍സിയയുടെ മികച്ചൊരു ഷോട്ട് ബാറില്‍ തട്ടിതെറിച്ചതിനാല്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ചെന്നൈയിന്‍ രക്ഷപ്പെട്ടത്. പിന്നീടങ്ങോട്ട് ആദ്യപകുതിയില്‍ ഇരുടീമുകളും അക്രമിക്കുകയും തുടരെത്തുടരെ കൗണ്ടര്‍ അറ്റാക്കുകള്‍ വരുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബെംഗളുരുവിന് വേണ്ടി ഗോള്‍ നേടാന്‍ സുനില്‍ ചേത്രിക്ക് മികച്ച അവസരമാണ് ലഭിച്ചത്. സബ്‌സ്റ്റിഷ്യൂനായി എത്തിയ ഉദാന്തയും മിക്കുവും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിന്റെ ഭാഗമായി ലഭിച്ച അവസരം ഛേത്രി പാഴാക്കുകയായിരുന്നു. 58ാം മിനുട്ടില്‍ ജെജെക്ക് വീണ്ടും ഗോള്‍ നേടാന്‍ അവസരം ലഭിച്ചു. ബെംഗളുരു ഹാഫില്‍ നിന്ന് താരത്തിന് പന്ത് ലഭിക്കുമ്പോള്‍ ബെംഗളുരു പ്രതിരോധ താരങ്ങള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഗോള്‍ മാത്രം അകന്ന് നിന്നു.

73ാം മിനുട്ടില്‍ റാഫേല്‍ അഗസ്റ്റോയുടെ താരതമ്യേനെ ദുര്‍ബലമായ ഷോട്ട് ബെംഗളുരു ഗോള്‍ കീപ്പര്‍ അനായാസം കയ്യിലാക്കി. എന്നാല്‍ പാഴാക്കിയ അവസരങ്ങള്‍ക്കെല്ലാം പകരമായി 85ാം മിനുട്ടില്‍ സുനില്‍ ഛേത്രി ഗോള്‍ നേടി. ബെംഗളുരുവിന്റെ ആശ്വാസം അധികം നീണ്ടുനിന്നില്ല. തൊട്ടുപിന്നാലെ തന്നെ ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ ബെംഗളുരു വല കുലുക്കിയ ധനപാല്‍ ഗണേഷ് ചെന്നൈയിനെ വിജയതീരമണിയിച്ചു.