SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിയുടെ പടയോട്ടം തുടരുന്നു. ചെന്നൈയ്ന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ 3-1ന് തകര്‍ത്ത നീലപ്പട പോയിന്റ് പട്ടികയില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തി. 14 കളികള്‍ പൂര്‍ത്തിയാക്കിയ സുനില്‍ ഛേത്രിക്കും സംഘത്തിനും കൈവശമുള്ളത് 30 പോയിന്റ്. ഇനി ഒരു ജയം കൂടി ഉണ്ടെങ്കില്‍ നാലിലൊരു സ്ഥാനം ബെംഗളൂരുവിന് ഉറപ്പിക്കാം. ചെന്നൈയ്‌ന്റെ ജെജെയുടെ നിര്‍ണായക പെനാല്‍റ്റി രക്ഷപ്പെടുത്തിയ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ മികവും ബെംഗളൂരു ജയത്തില്‍ നിര്‍ണായകമായി. തോറ്റെങ്കിലും ചെന്നൈയ്ന്‍ 23 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.

പതിനൊന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ ചെന്നൈയ്ന്‍ എഫ്‌സി ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് കളിക്കാനിറങ്ങിയത്. മൂന്നു മാറ്റങ്ങളുമായിട്ടായിരുന്നു ബെംഗളൂരുവിന്റെ വരവ്. കളി ചൂടുപിടിക്കും മുമ്പേ ഗ്യാലറിയെ ഞെട്ടിച്ച് ബെംഗളൂരുവിന്റെ ഗോള്‍ പിറന്നു. ചെന്നൈയ്ന്‍ പ്രതിരോധത്തിന്റെ ആലസ്യത്തില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. ബോക്‌സിന് പുറത്തുനിന്നും ഹര്‍മന്‍ജ്യോത് ഖബറയുടെ ക്രോസ്. തലവച്ച സുനില്‍ ഛേത്രിക്ക് പന്ത് വലയിലേക്ക് തിരിച്ചുവിടാനായില്ല. എന്നാല്‍ ബോക്‌സിനകത്ത് ഓടിയെത്തിയ ബോയിതാംഗ് ഹോകിപ്പിന്റെ കാലുകള്‍ക്ക് സുഖകരമായ രീതിയില്‍ പന്തുകിട്ടി.

ചെന്നൈയ്ന്‍ ഗോളി കരണ്‍ജിത് സിംഗിനെ മറികടന്ന് പന്ത് വലയില്‍. രണ്ടാം മിനിറ്റില്‍ വീണ ഈ ഗോള്‍ ചെന്നൈയ്‌നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി. കളി ഇതോടെ ചൂടുപിടിച്ചു. ഗ്യാലറികളിലെ ആവേശം കളിക്കാരുടെ കാലുകളിലേക്കും പറന്നിറങ്ങിയതോടെ മുന്നേറ്റങ്ങളുടെ വേലിയേറ്റം തന്നെയായിരുന്നു. മുപ്പത്തിമൂന്നാം മിനിറ്റില്‍ ചെന്നൈയ്ന്‍ ഒപ്പമെത്തി. ജെറി ലല്‍റിന്‍സുവാലെയുടെ മഴവില്‍ ക്രോസില്‍ ഉയര്‍ന്നുചാടി ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ മനോഹര ഹെഡര്‍. ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന് കാര്യമായൊന്നും ചെയ്യാനായില്ല. സ്‌കോര്‍ 1-1. ആദ്യ പകുതിയില്‍ പിന്നെ ഗോളൊന്നും പിറന്നില്ല.

രണ്ടാംപകുതി സംഭവബഹുലമായിരുന്നു. ഇതോടെ കാര്‍ഡുകളും ചന്നംപിന്നം പിറന്നു. 63മത്തെ മിനിറ്റില്‍ ബെംഗളൂരു മുന്നിലെത്തി. ഡിമാസ് ചിപ്പ് ചെയ്‌തെടുത്ത ഫ്രീകിക്ക് ഛേത്രി പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളിയുടെ തടഞ്ഞു. എന്നാല്‍ കരണ്‍ജിത്തിന്റെ കൈയില്‍ നിന്ന് വഴുതിയിറങ്ങിയ പന്ത് മിക്കു വലയിലേക്ക് തട്ടിയിട്ടു. ഗോളിയുടെ പിഴവ് തന്നെയായിരുന്നു ഈ ഗോളും. തിരിച്ചടിക്കാന്‍ ചെന്നൈയ്ന്‍ വഴിതേടുന്നതിനിടെ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടിയ സെറീനോ ഫോന്‍സെകയ്ക്ക് മാര്‍ച്ചിംഗ് ഓര്‍ഡറും കിട്ടി. ഇതോടെ പത്തുപേരായി ആതിഥേയര്‍ ചുരുങ്ങി. തൊട്ടുപിന്നാലെ 76മത്തെ മിനിറ്റില്‍ ചെന്നൈയ്‌ന് ഒപ്പമെത്താനുള്ള സുവര്‍ണാവസരം ലഭിച്ചതാണ്. ഗണേഷിനെ ബെംഗളൂരുവിന്റെ ഖബ്ര വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ ജെജെയ്ക്കായില്ല. ജെജെയുടെ ദുര്‍ബല കിക്ക് ഗുര്‍പ്രീത് സിംഗ് പറന്ന് തട്ടിയകറ്റി.