SHARE
ഫ്രാൻ ​ഗോൺസാലസ്(50)

ബെം​ഗളുരു എഫ്.സിക്കായി കളിക്കുന്ന സ്പാനിഷ് സൂപ്പർതാരം ഫ്രാൻ ​ഗോൺസാലസിനെ സ്വന്തമക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെന്ന് റിപ്പോർട്ടുകൾ. ഫുട്ബോൾ വെബ്സൈറ്റായ ഐ.എഫ്.ടി.ഡബ്ല്യു.സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ, കേരളാ ബ്ലാസ്റ്റേഴ്സ് മറ്റൊരു ഐ.എസ്.എൽ ക്ലബിലെ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നുവെന്ന് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇതിനുപിന്നാലെയാണിപ്പോൾ ഐ.എഫ്.ടി.ഡബ്ല്യു.സി റിപ്പോർട്ട്.

ഇത് പ്രകാരം ബ്ലാസ്റ്റേഴ്സ് ഫ്രാനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ബെം​ഗളുരുവിൽ തുടരാനാണ് ഫ്രാന് താൽപര്യമെന്നാണ് സൂചന. അതേസമയം ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ഫ്രാനുമായി ബന്ധപ്പെടുന്നുണ്ടെന്നും ഈ റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ സീസണിൽ ഐ-ലീ​ഗ് കിരീടം നേടിയ മോഹൻ ബ​ഗാൻ ടീമിന്റെ നെടുംതൂണായിരുന്നു ഫ്രാൻ. അന്ന് ബ​ഗാനെ പരിശീലിപ്പിച്ച കിബു വിക്കുനയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ചുമതല വഹിക്കുന്നത്. ബ​ഗാൻ എ.ടി.കെയുമായി ലയിച്ചതിന് പിന്നാലെ ഒഴിവാക്കപ്പെട്ട താരങ്ങളിലൊരാളാണ് ഫ്രാൻ.